മുംബയ്: സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോൺ, സാറാ അലിഖാൻ, ശ്രദ്ധ കപൂർ, രാകുൽ പ്രീത് സിംഗ് എന്നിവർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാനായി നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ സമൻസ് അയച്ചു. ദീപിക 25ന് ഹാജരാകണമെന്നും ശ്രദ്ധയും സാറയും 26ന് ഹാജരാകണമെന്നുമാണ് നിർദ്ദേശം. ഫാഷൻ ഡിസൈനർ സിമോൻ ഖംബാട്ടയെയും വിളിപ്പിച്ചിട്ടുണ്ട്.
ജുഡിഷ്യൽ കസ്റ്റഡിയിലുളള റിയ ചക്രവർത്തിയിൽ നിന്നാണ് ദീപികയുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്.
ദീപിക, തന്റെ മാനേജരായിരുന്ന കരിഷ്മ പ്രകാശിനോട് ലഹരിമരുന്ന് ആവശ്യപ്പെടുന്ന 2017ലെ വാട്സാപ്പ് ചാറ്റ് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ദീപികയെ ചോദ്യം ചെയ്യുക. കരിഷ്മയ്ക്കും സമൻസ് അയച്ചിരുന്നെങ്കിലും ആരോഗ്യ പ്രശ്നങ്ങളുളളതിനാൽ ഹാജരാകാനുളള തിയതി നീട്ടി നൽകണമെന്ന് അവർ ആവശ്യപ്പെട്ടിരുന്നു.
ക്വാൻ ടാലന്റ് മാനേജ്മെന്റ് കമ്പനി ജീവനക്കാരിയാണ് കരിഷ്മ പ്രകാശ്. കമ്പനി മേധാവി ധ്രുവ് ചിത്ഗോപേക്കറും നോട്ടപ്പുള്ളിയാണ്. ഇതേ കമ്പനി വഴി സുശാന്ത് സിംഗിന്റെ ടാലന്റ് മാനേജരായ ജയ സഹയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.
നേരത്തെ, റിയ ചക്രവർത്തിയും ജയ സഹയും തമ്മിലുള്ള വാട്സാപ് ചാറ്റിൽ ലഹരി ഇടപാട് സൂചനകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു.
ദീപികയുടെ 2017ലെ ചാറ്റിൽ മുംബയ് പരേലിലെ കോകോ എന്ന റസ്റ്റോറന്റിന്റെ പേര് പരാമർശിക്കുന്നുണ്ട്. ഈ റസ്റ്റോറന്റിൽ നടന്ന നിശാപാർട്ടിയിൽ ദീപികയ്ക്കൊപ്പം പങ്കെടുത്ത താരങ്ങളായ ദിയ മിർസ, സൊനാക്ഷി സിൻഹ, സിദ്ധാർത്ഥ് മൽഹോത്ര, ആദിത്യ റോയ് കപൂർ എന്നിവരും സംശയമുനയിലാണ്.