തോപ്പുംപടി: സംസ്ഥാനത്തിന് വർഷം തോറും നാൽപതിനായിരം കോടി രുപ വരുമാനം നേടിക്കൊടുക്കുന്ന ടൂറിസം മേഖല തീർത്തും സ്തംഭിച്ചു. ഹോം സ്റ്റേ സർവീസ്, റിസോർട്ട്, ഹോട്ടൽ, ട്രാവത്സ് ഉൾപ്പടെ ഈ മേഖലയിലെ എല്ലാ രംഗങ്ങളും കൊവിഡിനാൽ വൻപ്രതിസന്ധിയിലാണ്.
2018 ലെ കണക്ക് പ്രകാരം 10,96,407 വിദേശ ടൂറിസ്റ്റുകളും 1,56,04,661 ആഭ്യന്തര ടൂറിസ്റ്റുകളും സംസ്ഥാനം സന്ദർശിച്ചു.19- 20 കാലയളവിൽ പതിനഞ്ച് ശതമാനം വർദ്ധനവുണ്ടായി.
15 ലക്ഷത്തോളം തൊഴിലവസരങ്ങളാണ് ടൂറിസവുമായി ബന്ധപ്പെട്ട് നേരിട്ടും അല്ലാതെയും ഉള്ളത്.
സംസ്ഥാനത്ത് 497 ക്ലാസിഫൈഡ് ഹോട്ടലുകളിലായി 13, 906 മുറികളുണ്ട്.
ടൂറിസം ബ്രാൻഡുകളിൽ കൂടുതൽ മികവ് പുലർത്തുന്ന താമസ കേന്ദ്രങ്ങളാണ് ഹോം സ്റ്റേകൾ. ആറു മാസമായി സംസ്ഥാനത്തെ ഹോം സ്റ്റേ സർവീസ് വില്ലകളും പൂർണമായി അടഞ്ഞു. സംസ്ഥാനത്ത് 500 ക്ലാസിഫൈഡ് ഹോം സ്റ്റേകളും 120 സർവീസ് വില്ലകളും ഉൾപ്പടെ 1500 എണ്ണമാണുള്ളത്.
ഹോം സ്റ്റേ വില്ലകൾ സ്ക്വയർ ഫീറ്റിന് 30 രൂപ മുതൽ 60 രൂപ വരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കെട്ടിവെക്കണം. ക്ലാസിഫിക്കേഷൻ സർട്ടിഫിക്കറ്റിനും ഫീസ് നൽകണം. ആറുമാസമായി ഹോംസ്റ്റേകളും വെറുതേ കിടപ്പാണ്. വരുമാനം വട്ടപൂജ്യം.
20-21 കാലയളവിൽ ഈടാക്കുന്ന പ്രൊഫഷണൽ നികുതി ഉൾപ്പടെ എല്ലാ നികുതികളും ഒഴിവാക്കി തരണമെന്നാവശ്യപ്പെട്ട് കേരള ഹോം സ്റ്റേ ആൻഡ് ടൂറിസം സൊസൈറ്റി ഡയറക്ടർ എം.പി.ശിവദത്തൻ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി, സെക്രട്ടറി എന്നിവർക്ക് നിവേദനം നൽകിയിട്ടുണ്ട്.