പത്തനംതിട്ട : നീല, വെള്ള കാർഡുകൾക്ക് മണ്ണെണ്ണ റദ്ദാക്കുകയും മഞ്ഞ, പിങ്ക് കാർഡുകൾക്ക് മാത്രം മണ്ണെണ്ണ ലഭ്യമാക്കുകയും ചെയ്തതോടെ റേഷൻ കട ഉടമകൾ ബുദ്ധിമുട്ടിലായി. 40 ലിറ്റർ മണ്ണെണ്ണ എടുക്കണമെങ്കിൽ റേഷൻ കട ഉടമകൾ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ടി വരും. കടകളുടെ നിലവിലുള്ള ഹോൾസെയിൽ സംവിധാനം മാറിയതാണ് കാരണം. ജില്ലയിൽ നേരത്തെ എട്ട് കിലോമീറ്ററിനുള്ളിലുള്ള ഹോൾസെയിലിൽ നിന്ന് മണ്ണെണ്ണ വിതരണം ചെയ്തിരുന്നു .
കേന്ദ്ര സർക്കാർ ഗ്രീൻ പ്രോട്ടോക്കോൾ പ്രകാരം മണ്ണെണ്ണയുടെ ഉപയോഗം ദിനം പ്രതി കുറച്ചതോടെയാണ് പ്രതിസന്ധി തുടങ്ങിയത്. നീല, വെള്ള കാർഡുകൾക്ക് മണ്ണെണ്ണ റദ്ദാക്കിയതോടെ സംസ്ഥാനത്ത് മൂന്നിലൊന്ന് വിഭാഗം മാത്രമേ മണ്ണെണ്ണ ഉപഭോക്താക്കളായിട്ടുള്ളു. സമ്പൂർണ വൈദ്യുതീകരണം നടപ്പാക്കിയതിനാൽ സംസ്ഥാന സർക്കാരിനും കൂടുതൽ വാദങ്ങൾ ഉന്നയിക്കാനാവില്ല. സമ്പൂർണ ഗ്യാസ് കണക്ഷൻ നടപ്പിലാക്കാനും നിർദേശം ഉണ്ട്.
40 മുതൽ 100 ലിറ്റർ വരെയുള്ള മണ്ണെണ്ണ എടുക്കുവാൻ 35 കിലോമീറ്റർ വരെ ദൂരം പോകേണ്ട അവസ്ഥയാണ് ഇപ്പോൾ . ഐ.ഒ.സിയും എച്ച്.പി.സിയും ആണ് ജില്ലയിലെ മണ്ണെണ്ണയുടെ വിതരണക്കാർ. മൂന്ന് ഐ.ഒ.സിക്കും ഒരു എച്ച്.പി.സിക്കും മാത്രമേ ഡീലർഷിപ്പുള്ളു. താലൂക്കുകളിൽ കൂടുതൽ ഏത് ഡീലറാണോ അത് വച്ചാണ് ഹോൾസെയിൽ തിരഞ്ഞെടുക്കുന്നത്. റാന്നിയിൽ മാത്രമാണ് എച്ച്.പി.സി നൽകിയിരിക്കുന്നത്. മറ്റ് ഡീലർമാർക്ക് നൽകാനും കഴിയില്ല. ഇനിയും ഇത് തുടരാനാണ് സാദ്ധ്യത. ഉടമകൾക്ക് ബുദ്ധിമുട്ട് ഒഴിവാക്കാൻ ശ്രമിച്ചിരുന്ന്തായി ജില്ലാ സപ്ലൈ ഓഫിസർ പറഞ്ഞു..
"ഇലന്തൂർ പഞ്ചായത്തിലുള്ളവർ 35 കിലോമീറ്റർ അകലെ കടമ്പനാട് വരെ പോയി മണ്ണെണ്ണ എടുക്കേണ്ട ഗതികേടിലാണ്. ഇത് റേഷൻ വ്യാപാരികൾക്ക് വളരെ സാമ്പത്തികനഷ്ടമുണ്ടാകുന്നു. അര ലിറ്റർ മണ്ണെണ്ണ 15 രൂപയ്ക്കാണ് വിതരണം ചെയ്യുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ അതിന്റെ ഇരട്ടി രൂപ വാഹനക്കൂലി ഇനത്തിൽ ചെലവാകും. അതിനാൽ അടുത്തുള്ള ഹോൾസെയിൽ നിന്ന് മണ്ണെണ്ണ വിതരണം ചെയ്യണം."
എം.ബി സത്യൻ
(കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് )