കുഴിത്തുറ: തിരുവിതാംകൂർ ചരിത്രവുമായി ബന്ധപ്പെട്ട് സ്ഥിതിചെയ്യുന്ന കുഴിത്തുറ കൊട്ടാരം സംരക്ഷണമില്ലാതെ നാശിന്റെ വക്കിൽ. നൂറ്റാണ്ടുകൾ പഴക്കമുള്ള കുഴിത്തുറ കൊട്ടാരം ഇപ്പോൾ മണ്ണടിയാറായി. സംരക്ഷണമില്ലാതെ വർഷങ്ങളായി അവഗണിക്കപ്പെട്ട കൊട്ടാരം മദ്യപരുടെ കേന്ദ്രമായി മാറിയിരിക്കുകയാണിപ്പോൾ. കുഴിത്തുറ തപാൽ ഓഫീസിൽ നിന്ന് 500 മീറ്റർ മാറി സ്ഥിതിചെയ്യുന്ന കുഴിത്തറ മഹാദേവർ ക്ഷേത്രത്തിനു സമീപമാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ ക്ഷേത്രത്തിനു സമീപം മേൽക്കൂര തകർന്ന് കഴുക്കോലുകൾ മാത്രമുള്ളൊരു പുരയുണ്ട്. തിരുവിതാംകൂർ രാജാക്കന്മാരെത്തുമ്പോൾ കുതിരവണ്ടി നിറുത്താറുള്ളത് ഇവിടെയായിരുന്നു. വലതു ഭാഗത്ത് ചാമുണ്ഡേശ്വരി ക്ഷേത്രത്തിന് തൊട്ടടുത്ത് താമ്രപർണി നദിയോരത്താണ് കൊട്ടാരം. കന്യാകുമാരി ദേവസ്വത്തിന്റെ കൊട്ടാരം കുറച്ചുദിവസം കുഴിത്തുറ ദേവസ്വംസൂപ്രണ്ട് ഓഫീസായി ഉപയോഗിച്ചിരുന്നു. നവരാത്രി വിഗ്രഹങ്ങൾ ഹോമപുരയിടത്തിൽ ഇറക്കിവയ്ക്കുമ്പോൾ അധികൃതരുടെ വിശ്രമകേന്ദ്രമായി കൊട്ടാരം മാറി. 1992ലെ വെള്ളപ്പൊക്കത്തിൽ കൊട്ടാരത്തിന്റെ പകുതിയോളം മുങ്ങി. അതിനുശേഷം ഒരു നവീകരണത്തിനും അധികൃതർ തയ്യാറായില്ല. കൊട്ടാര വളപ്പിൽത്തന്നെ ദേവസ്വം ആനയ്ക്ക് വിശ്രമകേന്ദ്രം പണിതു. ഇപ്പോൾ കുറ്റിക്കാടുകൾക്കിടയിൽ പാഴ്ച്ചെടികൾ നിറഞ്ഞിരിക്കുകയാണ് ചരിത്രസ്മാരകം. കന്യാകുമാരി ദേവസ്വം അധികൃതരുടെ അവഗണനയാണ് കൊട്ടാരത്തിന്റെ തകർച്ചയ്ക്ക് കാരണം.
ചരിത്രം
കുഴിത്തറ മഹാദേവർ ക്ഷേത്രത്തിനു മുന്നിലായി മേൽക്കൂര തകർന്ന് കഴുക്കോലുകൾ മാത്രമുള്ളൊരു പുരയുണ്ട്. എട്ടുവീട്ടിൽ പിള്ളമാരെ വധിച്ച ശേഷം, ശാപമോക്ഷത്തിനായി മാർത്താണ്ഡവർമ്മ മഹാരാജാവ് രക്തചാമുണ്ഡി ദേവിക്ക് ഹോമം നടത്താറുള്ളത് ഹോമപ്പുരയിലായിരുന്നു. രാജാവിന് വിശ്രമിക്കാനാണ് കൊട്ടാരം പണിതത്. കരിങ്കൽ നിർമിതമായ അടിത്തറയ്ക്ക് മുകളിലാണ് കൊട്ടാരം പണിതിട്ടുള്ളത്. കൊട്ടാരത്തിന്റെ വലത് ഭാഗത്തുകൂടി കുളിക്കടവിലേക്കിറങ്ങാം. കൊട്ടാരവാസികൾക്കു മാത്രമായി മേൽക്കൂരയോടെ പണിത കുളിക്കടവും തകർച്ചയിലാണ്. കുളിക്കടവിൽ നിന്ന് ഹോമപ്പുരയിലേക്ക് എത്താൻ മേൽക്കൂരയോടുകൂടിയ പ്രത്യേക പാതയുമുണ്ട്. കന്യാകുമാരി ജില്ല രൂപീകരിച്ചപ്പോൾ കൊട്ടാരം കന്യാകുമാരി ദേവസ്വത്തിന്റെ നിയന്ത്രണത്തിലായി. ഇതോടെ കൊട്ടാരത്തിന് സംരക്ഷണമില്ലാതായി.
തകർച്ച പൂർണം
മേച്ചിലോടുകൾ തകർന്നും ചുവരുകൾ വിണ്ട് കീറിയും അടിത്തറ എലികൾ തുരന്നും ഇഴജന്തുക്കളുടെ താവളവുമായി
ബംഗ്ലാവിന്റെ പല ഭാഗങ്ങളിലും ചെറുതും വലുതുമായി മാളങ്ങൾ രൂപം കൊണ്ടു.
ഇവിടെയെല്ലാം താവളമടിക്കുന്ന പാമ്പുകളും മറ്റ് ഇഴജന്തുക്കളും നാടിനുതന്നെ ഭീഷണിയാകുന്നതായി നാട്ടുകാർ പറയുന്നു
മദ്യപാനികൾക്കൊപ്പം കീരികളുടെയും മരപ്പട്ടികളുടെയും ഈറ്റില്ലം കൂടിയാണ് ഇന്ന് ഈ കൊട്ടാരവും പരിസരവും