ആലപ്പുഴ: ജില്ലയിൽ സമ്പർക്കത്തിലൂടെ കൊവിഡ് രോഗബാധിതരും കൊവിഡ് മൂലമുള്ള മരണങ്ങളും ഉണ്ടാകുന്ന സന്ദർഭത്തിൽ ജാഗ്രതയിൽ കുറവ് വരുത്തരുതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
തിരക്കുണ്ടാകാൻ സാദ്ധ്യതയുള്ള ഇടങ്ങളിൽ നിന്ന് വിട്ടു നിൽക്കണം. കൃത്യമായ സാമൂഹിക അകലം പാലിക്കണം. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ നിർബന്ധമായും റൂം ക്വാറന്റൈനിൽ തന്നെയായിരിക്കണം. ലഘുവായ രോഗലക്ഷണങ്ങൾ പോലും അവഗണിക്കരുത്. മെഡിക്കൽ സ്റ്റോറിൽ നിന്നു രോഗലക്ഷണങ്ങൾ പറഞ്ഞ് മരുന്ന് വാങ്ങി കഴിക്കുന്ന ശീലം ഒഴിവാക്കണം. പനി, ചുമ, ജലദോഷം, ശ്വാസതടസം തുടങ്ങിയ അസുഖ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ആശുപത്രിയിലെത്തി ചികിത്സ തേടണം. രോഗലക്ഷണങ്ങളില്ലാത്ത കൊവിഡ് പോസിറ്റീവ് രോഗികൾക്ക് അതതു പ്രദേശത്തെ മെഡിക്കൽ ഓഫീസറുടെ തീരുമാന പ്രകാരം വീടുകളിൽ കഴിയാവുന്നതാണ്. വീടുകളിൽ ഐസോലേഷനിൽ കഴിയുന്നവർ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണെന്നും ഡി.എം.ഒ അറിയിച്ചു.