ആലപ്പുഴ: നിവേദനങ്ങളും പരാതി പറച്ചിലുംകൊണ്ട് കരയടുക്കില്ലെന്ന് ബോദ്ധ്യമായതോടെ ജില്ലയിലെ ഹൗസ് ബോട്ട് ഉടമകൾ സമരത്തിലേക്ക്. ഒക്ടോബർ മുതൽ കേരള ടൂറിസത്തിന് തുടക്കമാകുമെന്ന് പ്രഖ്യാപനമുണ്ടെങ്കിലും, ഹൗസ് ബോട്ടുകൾക്ക് ഓടാൻ കഴിയുമോ എന്നത് സംബന്ധിച്ച് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല.
മാർച്ച് മുതൽ നങ്കൂരമിട്ടു കിടക്കുന്നത് വരുമാനനഷ്ടം മാത്രമല്ല, ബോട്ടിനും ഉപകരണങ്ങൾക്കും നാശവുമുണ്ടാക്കുന്നുണ്ട്. മറ്റ് മേഖലകളിൽ ഇളവുകൾ വന്ന പശ്ചാത്തലത്തിൽ നിബന്ധനകളോടെ ബോട്ടുകൾ പ്രവർത്തിപ്പിക്കാൻ അനുമതി ലഭിക്കണമെന്നാണ് ഉടമകളുടെ ആവശ്യം. ജില്ലയിൽ ലൈസൻസുള്ള 765 എണ്ണം ഉൾപ്പടെ ആയിരത്തിലധികം ഹൗസ് ബോട്ടുകളുണ്ട്. ഓട്ടം നിലച്ചതോടെ, ബോട്ടുകൾക്ക് നൽകുമെന്ന് പ്രഖ്യാപിച്ചിരുന്ന ഗ്രാന്റും വൈകുകയാണ്. രണ്ട് ബെഡ്റൂം ബോട്ടുകൾക്ക് 80,000, മൂന്ന് ബെഡ് റൂം ഉള്ളതിന് ഒരു ലക്ഷം, മൂന്നിലധികം റൂമുകളുള്ളതിന് 1.20 ലക്ഷം എന്നിങ്ങനെയാണ് ഗ്രാൻഡ് പ്രഖ്യാപിച്ചിരുന്നത്. യാത്രാവിലക്കിന് ഇളവ് വന്നതോടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നും യാത്ര ബുക്ക് ചെയ്യാൻ സഞ്ചാരികൾ വിളിക്കുന്നുണ്ട്. ഒക്ടോബർ മുതൽ നിബന്ധനകളോടെ സഞ്ചാരികളെ കയറ്റാൻ അനുമതി നൽകരണമെന്നാണ് ഹൗസ് ബോട്ട് മേഖല ആവശ്യപ്പെടുന്നത്.
വഴിയുണ്ട്
ലൈസൻസുള്ള ബോട്ടുകളെ മാത്രം ഓടാൻ അനുവദിക്കുക, മൂന്ന് ചെക്കിംഗ് പോയിന്റുകൾ സ്ഥാപിക്കുക, കൊവിഡ് മാനദണ്ഡങ്ങൾ ആരോഗ്യവകുപ്പിന്റെയും ഡി.ടി.പി.സിയുടെയും സഹകരണത്തോടെ ഉറപ്പുവരുത്തുക തുടങ്ങിയ വ്യവസ്ഥകൾ കൊണ്ടുവന്നാൽ മേഖലയെ ആശ്രയിക്കുന്ന ആയിരക്കണക്കിന് പേർക്ക് വരുമാനമാർഗം തെളിയുമെന്ന് ഉടമകൾ പറയുന്നു. മേഖലയിലെ അഞ്ച് അസോസിയേഷനുകൾ സംയുക്തമായി വെള്ളിയാഴ്ച വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബി.എസ്.എൻ.എൽ ഓഫീസിനു മുന്നിൽ ധർണ നടത്തും.
ധനകാര്യ സ്ഥാപനങ്ങളിൽ നിന്നെടുത്ത വായ്പകൾക്ക് അടുത്ത ഒരു വർഷത്തേക്കു കൂടി മോറട്ടോറിയം നീട്ടി നൽകണം. കൂടാതെ പലിശയിലും ഇളവ് വേണം. ഏഴ് മാസമായി ഒരു രൂപയുടെ പോലും വരുമാനമില്ലാത്ത മേഖലയെ കരകയറ്റാൻ സർക്കാരിന്റെ അടിയന്തര ഇടപെടലുണ്ടാവണം
പി.ജെ.ജോസഫ്, ഹൗസ് ബോട്ട് ഓണേഴ്സ് ആൻഡ് ഓപ്പറേറ്റേഴ്സ് സംസ്ഥാന പ്രസിഡന്റ്