പത്തനംതിട്ട: കൊവിഡിനെ പടിക്ക് പുറത്താക്കിയിരിക്കുകയാണ് മലയോര മേഖലയായ ഗവി.
ഒരിക്കൽ എത്തിനോക്കിയ രോഗം പിന്നീട് കടന്നുവന്നില്ല. നാട്ടുകാരായ എഴുന്നൂറോളം പേരെ മഹാവ്യാധി ക്ക് വിട്ടുകൊടുക്കാതെ മഞ്ഞിൽ പുതച്ച് നയന മനോഹരമായി ഗവി ഇപ്പോഴും ശാന്തം. ഹരിതവനത്തിന്റെ അന്തരീക്ഷമാണ് ഗവി നിവാസികളുടെ പ്രതിരോധ മരുന്ന്.
ഒരു മാസം മുമ്പാണ് ഗവിയിലെ ഒരു 19 കാരന് കൊവിഡ് പിടിപെട്ടത്. ഇടുക്കിയിലെ ഗവ.ആശുപത്രിയിൽ ചികിത്സിച്ച് രോഗം ഭേദമായി. സമ്പർക്കപ്പട്ടികയിൽ പെട്ട 17 പേരെ ആങ്ങമൂഴിയിലെ നിരീക്ഷണ കേന്ദ്രത്തിലാക്കി. എല്ലാവർക്കും നെഗറ്റീവായിരുന്നു. പിന്നീട് രോഗം എത്തിയിട്ടില്ല. ലോക് ഡൗണിനെ തുടർന്ന് ഗവി ടൂറിസം മുടങ്ങിയതിനാൽ പുറത്തുനിന്ന് ആളുകൾ എത്തുന്നില്ല. ഇതും കൊവിഡ് പടരാതിരിക്കാൻ കാരണമായി.
ചികിത്സാ സൗകര്യമില്ല
പനി വന്നാൽ പോലും പ്രാഥമിക ചികിത്സയ്ക്ക് ഗവിയിൽ സൗകര്യമില്ല. ആർക്കെങ്കിലും കൊവിഡ് ലക്ഷണങ്ങൾ കണ്ടാൽ ഒാട്ടോറിക്ഷകളോ കെ.എഫ്.ഡി.സിയുടെ ജീപ്പോ പിടിച്ച് വണ്ടിപ്പെരിയാറിൽ എത്തി ചികിത്സ തേടേണ്ടിവരും. പത്തനംതിട്ട റൂട്ടിൽ റോഡിലെ മണ്ണിടിച്ചിൽ കാരണം ഗതാഗത സൗകര്യമില്ല. പത്തൊൻപതുകാരന് കൊവിഡ് ബാധിച്ചത് ബന്ധുവിനൊപ്പം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് മടങ്ങിയെത്തിയപ്പോഴാണ്. പനി ലക്ഷണങ്ങളുമായി വീട്ടിൽ കിടന്ന ഇയാളെ വണ്ടിപ്പെരിയാർ കടന്ന് ഇടുക്കിയിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ഗവി ഗവ. ഡിസ്പെൻസറിയിൽ മാസത്തിൽ രണ്ടു ദിവസം ജോലിക്കെത്തുന്ന ഒരു ഡോക്റാണുള്ളത്. സ്റ്റാഫ് നഴ്സുമില്ല. ഗവിയിൽ സ്ഥിരമായി ഡോക്ടറെയും നഴ്സിനെയും നിയമിക്കണമെന്ന ആവശ്യം ഇനിയും നടപ്പായില്ല. ലയങ്ങളിൽ ഒരുമിച്ച് താമസിക്കുന്ന തൊഴിലാളികളാണ് ഇവിടെ ഏറെയുമുള്ളത്. കൊവിഡോ പകർച്ചവ്യാധികളോ പിടിപെട്ടാൽ സ്ഥിതി ഗുരുതരമാകും.
ആംബുലൻസ് കട്ടപ്പുറത്ത്
ഗവി നിവാസികളുടെ ചികിത്സാ ആവശ്യങ്ങൾക്കായി 2002ൽ ഫ്രാൻസിസ് ജോർജ് എം.പി അനുവദിച്ച ആംബുലൻസ് ഒന്നര വർഷമായി കട്ടപ്പുറത്താണ്. അപകടത്തിൽപ്പെട്ട ആംബുലൻസിന് ചെറിയ അറ്റകുറ്റപ്പണി നടത്തിയാൽ വീണ്ടും ഒാടിക്കാമെന്നാണ് പ്രദേശവാസികൾ പറയുന്നത്. കെ.എഫ്.ഡി.സിയുടെ ഗവി ഒാഫീസിന്റെ മുറ്റത്ത് മഴയും മഞ്ഞുമേറ്റ് നശിക്കുകയാണ് ആംബുലൻസ്.
'' ഗവി ഡിസ്പെൻസറിയിൽ സ്ഥിരമായി ഡോക്ടറെയും നഴ്സിനെയും നിയമിക്കണം. ആംബുലൻസ് അറ്റകുറ്റപ്പണി നടത്തണം.''
രാമജയം, ഗവി നിവാസി.