ന്യൂഡൽഹി: രണ്ടാം വിവാഹത്തെ എതിർത്തതിന് പിതാവ് കടിച്ചുപരിക്കേൽപ്പിച്ചതായി മകന്റെ പരാതി. ഗുജറാത്തിലെ അഹമ്മദാബാദ് ദരിയാപുർ സ്വദേശിയായ യഹിയ ഷെയ്ഖാണ് 50കാരനായ പിതാവ് നഹീമുദ്ദീൻ ഷെയ്ഖിനെതിരെ പൊലീസിൽ പരാതി നൽകിയത്. രണ്ടാം വിവാഹം കഴിക്കാനുള്ള പിതാവിന്റെ നീക്കത്തിനെ എതിർത്തതിന് തന്റെ ശരീരമാസകലം കടിച്ചു പരിക്കേൽപ്പിച്ചെന്നാണ് യഹിയ ഷെയ്ഖിന്റെ ആരോപണം.
യഹിയയും മാതാവും വീടിന്റെ മുകൾനിലയിലാണ് താമസം. നഹീമുദ്ദീൻ ഷെയ്ഖ് താഴത്തെ നിലയിലും. കഴിഞ്ഞ മൂന്ന് വർഷമായി ഇയാൾ ഭാര്യയെയും മകനെയും അകറ്റിനിർത്തിയിരിക്കുകയായിരുന്നു. ഇതിനിടെയാണ് രണ്ടാമതും വിവാഹം കഴിക്കാൻ ആലോചിച്ചത്. എന്നാൽ ഇക്കാര്യമറിഞ്ഞ മകൻ പിതാവിന്റെ രണ്ടാം വിവാഹത്തെ എതിർത്തിരുന്നു. ഇതിനെത്തുടർന്നുണ്ടായ വഴക്കാണ് ആക്രമണത്തിലേക്ക് നയിച്ചത്. ഞായറാഴ്ച വൈകീട്ട് വീടിന്റെ മുകൾനിലയിൽനിന്ന് താഴേക്ക് ഇറങ്ങുന്നതിനിടെ പിതാവ് തടഞ്ഞുനിർത്തി കവിളിലും ചുമലിലും മുതുകിലും കടിച്ചെന്നാണ് പരാതിയിൽ പറയുന്നത്. തടയാനെത്തിയ മാതാവ് സുബേദാബാനുവിന്റെ മുഖത്ത് അടിച്ചു. സംഭവത്തിൽ സിറ്റി പൊലീസ് കേസെടുത്തിട്ടുണ്ട്.