ഉദ്ഘാടനം കഴിഞ്ഞ് മൂന്നുവർഷം എത്തും മുമ്പേ നടുവൊടിഞ്ഞ് ഗതാഗതം അസാദ്ധ്യമാക്കിയ കൊച്ചിയിലെ പാലാരിവട്ടം മേൽപ്പാലം പൊളിച്ച് പണിയാൻ സുപ്രീംകോടതി അനുമതി ലഭിച്ചിരിക്കുകയാണ്. പാലാരിവട്ടം പാലത്തിനു സംഭവിച്ച ബലക്ഷയം വിദഗ്ദ്ധന്മാരായ എൻജിനിയർമാരുൾപ്പെടെ ഏവർക്കും ബോദ്ധ്യമായതാണ്. പാലങ്ങളുടെ നിർമ്മിതിയിൽ ഏറെ വൈദഗ്ദ്ധ്യവും പരിചയസമ്പത്തുമുള്ള ഇ. ശ്രീധരനും ചെന്നൈ ഐ.ഐ.ടിയിൽ നിന്നെത്തിയ വിദഗ്ദ്ധ സംഘവും പാലാരിവട്ടം മേൽപ്പാലം പൊളിച്ചു പണിയണമെന്ന റിപ്പോർട്ടാണ് സർക്കാരിനു നൽകിയത്. അതനുസരിച്ച് നടപടികൾ നീങ്ങവെയാണ് കരാർ കമ്പനിയും നിർമ്മാണത്തിനു മേൽനോട്ട ചുമതലയുണ്ടായിരുന്ന കമ്പനിയും ഇടപെട്ട് കാര്യങ്ങൾ കോടതിയിലെത്തിച്ചത്. പാലത്തിന് വലിയ കുഴപ്പങ്ങളില്ലെന്നും ലോഡ് ടെസ്റ്റ് നടത്തിയാൽ അതു ബോദ്ധ്യപ്പെടുമെന്നുമായിരുന്നു അവരുടെ നിലപാട്. ഹൈക്കോടതിയും ഈ നിലപാട് ശരിവച്ചതോടെ മേൽപ്പാലം കഴിഞ്ഞ പതിനാറു മാസമായി അടച്ചിട്ട നിലയിലാണ്. ഇതിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീലും പാലം പണിക്ക് അനുമതി നൽകണമെന്ന അപേക്ഷയും പരിശോധിച്ച സുപ്രീംകോടതി ഭാരപരിശോധന വേണമെന്ന ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് പുനർ നിർമ്മാണത്തിനുള്ള അനുമതി നൽകിയിരിക്കുന്നത്. പരമോന്നത കോടതിയുടെ ഇടപെടലിനെത്തുടർന്ന് മേൽപ്പാലം നിർമ്മാണം ഏറ്റെടുത്ത് എത്രയും വേഗം പൂർത്തിയാക്കുകയാണ് ഇനി സർക്കാരിനു മുന്നിലുള്ള ദൗത്യം. നേരത്തെ നിർമ്മാണച്ചുമതല ഏറ്റെടുക്കാമെന്നു സമ്മതിച്ച ഇ. ശ്രീധരന്റെ നേതൃത്വത്തിലുള്ള ഡി.എം. ആർ.സിയുടെ കൊച്ചിയിലെ പ്രവർത്തനം അവസാനിച്ചതിനാൽ തീരുമാനമെടുക്കാൻ തനിക്ക് ഒന്നോ രണ്ടോ ദിവസം നൽകണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.
പാലാരിവട്ടം ഫ്ളൈ ഓവറിന് നാല്പത്തേഴു കോടി രൂപയാണു ചെലവിട്ടത്. മൂന്നുവർഷം പോലും പാലം ഉപയോഗിക്കാൻ കഴിഞ്ഞില്ലെന്നതിൽ നിന്നു തന്നെ നിർമ്മാണത്തിനു പിന്നിൽ നടന്ന വമ്പിച്ച അഴിമതിയുടെ ആഴം വ്യക്തമാകും. ഇതുപോലുള്ള പാലങ്ങളുടെ നിർമ്മാണത്തിൽ അവശ്യം പുലർത്തേണ്ട മാനദണ്ഡങ്ങളിൽ ഒന്നുപോലും പാലിക്കപ്പെട്ടിരുന്നില്ലെന്ന് വിദഗ്ദ്ധ സംഘങ്ങളുടെ പരിശോധനയിൽ ബോദ്ധ്യപ്പെട്ടതാണ്. അന്നത്തെ മരാമത്തു മന്ത്രി മുതൽ പാലം നിർമ്മണത്തിനു കരാറെടുത്തവരും മേൽനോട്ടച്ചുമതല ഏറ്റെടുത്തവരുമൊക്കെ അഴിമതിയുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം നേരിടുകയാണിപ്പോൾ. കൈയിൽ പണവും രാഷ്ട്രീയ സ്വാധീനവുമുണ്ടെങ്കിൽ നിയമത്തിലെ പഴുതുകളിലൂടെ പ്രതികൾ രക്ഷപ്പെടുന്നതാണ് ഇവിടത്തെ പതിവു രീതികൾ. മരാമത്തു മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞിനെതിരെ പാലാരിവട്ടം അഴിമതിയുമായി ബന്ധപ്പെട്ട് കേസെടുക്കാൻ പോലും മാസങ്ങൾ വേണ്ടിവന്നു. എങ്ങുമെങ്ങുമെത്താതെ അന്വേഷണം നടക്കുന്നതേയുള്ളൂ. പാലാരിവട്ടത്ത് പുതിയ പാലം നിലവിൽ വരുന്നതിനു മുമ്പെങ്കിലും മരാമത്തു വകുപ്പിനു തന്നെ ഏറെ ദുഷ്പ്പേരുണ്ടാക്കിയ ഈ അഴിമതിക്കേസിലുൾപ്പെട്ടവരെല്ലാം ശിക്ഷിക്കപ്പെടേണ്ടതാണ് .