തിരുവനന്തപുരം: ലൈഫ് മിഷൻ ടാസ്ക് ഫോഴ്സിലെ പ്രത്യേക ക്ഷണിതാവ് സ്ഥാനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാജിവച്ചു. റെഡ് ക്രസന്റുമായുള്ള കരാറിന്റെ കോപ്പി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് രണ്ടു തവണ കത്തയച്ചിട്ടും കോപ്പി നൽകാത്തതിനാലാണ് രാജിയെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ലൈഫ് മിഷനുമായി ബന്ധപ്പെട്ട കേസുകളിലൊന്നും സാക്ഷിയാകാനോ മൊഴി നൽകാനോ തനിക്ക് താത്പര്യമില്ല. ലൈഫ് മിഷൻ ക്രമക്കേടിൽ വിജിലൻസിന്റെ പ്രാഥമികാന്വേഷണം സ്വീകാര്യമല്ല. വിദേശ ഇടപാടുള്ള കേസ് സി.ബി.ഐക്ക് കൈമാറുകയാണ് വേണ്ടത്. ഇ മൊബിലിറ്റി പദ്ധതി ടെൻഡർ വിളിക്കാതെ കരാർ ഉറപ്പിച്ചത് മുഖ്യമന്ത്രിയുടെ താത്പര്യപ്രകാരം നടന്ന യോഗത്തിലാണ്. ഇ മൊബിലിറ്റിയിൽ സർക്കാർ വാദങ്ങൾ പൊളിഞ്ഞെന്നതിന് തെളിവാണ് പി.ഡബ്ല്യു. സിയെ ഒഴിവാക്കാനെടുത്ത തീരുമാനം. ഇതിൽ അഴിമതിയുണ്ടെന്ന് ഉറപ്പായി. 20 കോടിയുടെ പദ്ധതിക്ക് 9 കോടി കമ്മിഷൻ. ഇതിന് സത്യസന്ധമായ മറുപടി മുഖ്യമന്ത്രിയിൽ നിന്നുണ്ടായില്ല. സർക്കാരിന് എന്തൊക്കയോ മറച്ചുവയ്ക്കാനുണ്ട്.
പ്രതിപക്ഷം സമരം നടത്തിയതുകൊണ്ടാണ് കൊവിഡ് രോഗികളുടെ എണ്ണം പെരുകുന്നതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. മന്ത്രിമാരായ സുനിൽകുമാറിനും തോമസ് എെസക്കിനും ജയരാജനുമൊക്കെ കൊവിഡ് പിടിപെട്ടത് തങ്ങൾ സമരം നടത്തിയതു കൊണ്ടാണോ? കൊവിഡ് രോഗികളെ ചികിത്സിക്കാൻ ഡോക്ടർമാരില്ല. കൊവിഡിന് എത്ര രൂപ കിട്ടി, എത്ര ചെലവഴിച്ചെന്ന് വ്യക്തമാക്കാതെ, സർക്കാർ ജീവനക്കാരുടെ ശമ്പളം ഇനി പിടിക്കരുത്. കൊവിഡ് പ്രതിരോധത്തിന് കേന്ദ്രത്തിൽ നിന്ന് കൂടുതൽ തുക കിട്ടാൻ സംയുക്തമായി ആവശ്യപ്പെടാൻ തയ്യാറാണ്.
വർഗീതയ ആളിക്കത്തിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്. യു.ഡി.എഫിനെ ദുർബലപ്പെടുത്താൻ ബി.ജെ.പിയെ സഹായിക്കുന്ന നിലപാടാണിതെന്നും ചെന്നിത്തല പറഞ്ഞു.
പ്രതിപക്ഷ നേതാവ് നാട്ടിൽ നല്ലത് നടക്കുന്നതിന് എതിര്: മുഖ്യമന്ത്രി
നാട്ടിൽ നല്ലതു നടക്കാൻ പാടില്ലെന്നുള്ള മാനസികാവസ്ഥയിലാണ് പ്രതിപക്ഷ നേതാവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതുകൊണ്ടാണ് അദ്ദേഹം ലൈഫ് മിഷൻ പ്രവർത്തനങ്ങളിൽനിന്ന് പുറത്തുപോയത്. ലൈഫ് മിഷനെ താറടിക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. രണ്ടര ലക്ഷം കുടുംബങ്ങൾ സ്വന്തം വീട്ടിൽ കിടന്നുറങ്ങുന്നത് അഭിമാനമുള്ള കാര്യമല്ലേ.
ലൈഫ് മിഷൻ പദ്ധതിയുടെ ധാരണാപത്രത്തിന്റെ പകർപ്പ് ആയിരുന്നില്ല അദ്ദേഹം ചോദിച്ചത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പരസ്യപ്പെടുത്തണമെന്നാണ് ആവശ്യപ്പെട്ടത്. എം.ഒ.യുവിന്റെ പകർപ്പ് വിവരാവകാശ പ്രകാരം ചോദിച്ചവർക്കെല്ലാം ലഭിച്ചിട്ടുണ്ട്.
ലോക് കേരള സഭ സംസ്ഥാനത്ത് ആദ്യമായി നടത്തിയത് എല്ലാവരെയും സഹകരിപ്പിച്ചുകൊണ്ടാണ്. നാടിന്റെ വികസനത്തിൽ പ്രവാസികളായ മലയാളികളുടെ അനുഭവങ്ങൾ സംഭാവനകളായപ്പോൾ ഇതേ പ്രതിപക്ഷ നേതാവ് ഇനി പങ്കെടുക്കില്ലെന്ന് പറഞ്ഞു. നാടിന് ഗുണം വരുമ്പോൾ അതിനെ മോശമായി ചിത്രീകരിക്കുന്ന രീതിയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.