തിരുവനന്തപുരം: ലൈഫ് പദ്ധതിയിൽ നാലേ കാൽ കോടിയുടെ കോഴയിടപാട് നടന്നതടക്കമുള്ള ആരോപണങ്ങൾ വിജിലൻസ് ഡയറക്ടർ സുധേഷ് കുമാറിന്റെ മേൽനോട്ടത്തിൽ ,വിജിലൻസ് ഈസ്റ്റേൺ റേഞ്ച് എസ്.പി വി.ജി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും.
വടക്കാഞ്ചേരി ഫ്ലാറ്റ് സമുച്ചയമുള്ള തൃശൂർ വിജിലൻസിന്റെ സെൻട്രൽ റേഞ്ചിന്റെ പരിധിയിലാണ്. അവിടത്തെ എസ്.പി ജെ. ഹിമേന്ദ്രനാഥ് പരിശീലനത്തിനു പോയതിനാലാണ് ഈസ്റ്റേൺ റേഞ്ചിന് അന്വേഷണം കൈമാറിയത്. അഴിമതിയെക്കുറിച്ച് പ്രാഥമിക പരിശോധന നടത്താനാണ് വിജിലൻസിന് നൽകിയിട്ടുള്ള നിർദ്ദേശം.
യു.എ.ഇ സർക്കാരും യു.എ.ഇ ഭരണാധികാരി അദ്ധ്യക്ഷനായ എമിറേറ്റ്സ് റെഡ്ക്രസന്റും ഉൾപ്പെട്ട ഇടപാടിനെക്കുറിച്ച് വിജിലൻസിന് അന്വേഷിക്കാൻ സാധിക്കുമോയെന്ന ആശങ്കയുണ്ട്. എൻ.ഐ.എ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ ഏജൻസികളുടെ അന്വേഷണവും നടക്കുന്നുണ്ട്. വിദേശ സഹായം സ്വീകരിച്ചതിലെയടക്കം നടപടിക്രമങ്ങളിലെ വീഴ്ചകളെക്കുറിച്ച് കേന്ദ്ര ധനകാര്യമന്ത്രാലയവും അന്വേഷിക്കുന്നുണ്ട്. ഇതിനിടയിലാണ്, എല്ലാ ആരോപണങ്ങളെക്കുറിച്ചും അന്വേഷിക്കാൻ വിജിലൻസിന് അനുമതി നൽകി ആഭ്യന്തരസെക്രട്ടറി ടി.കെ. ജോസ് ചൊവ്വാഴ്ച രാത്രി ഉത്തരവിറക്കിയത്.
വടക്കാഞ്ചേരിയിലെ വിവാദ ലൈഫ് ഫ്ലാറ്റ് നിർമ്മാണത്തിന് വിദേശസഹായം സ്വീകരിച്ചത് അനുമതിയില്ലാതെയാണെന്ന് വിദേശ മന്ത്രാലയം പരസ്യമാക്കിയിരുന്നു. ചട്ടം ലംഘിച്ച് ഇരുപതു കോടി രൂപ വിദേശ സഹായം വാങ്ങുകയും അതിൽ നാലേകാൽ കോടി കമ്മിഷൻ തട്ടുകയും ചെയ്തത് കേന്ദ്ര വിദേശ, ആഭ്യന്തര വകുപ്പുകളും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) അന്വേഷിക്കുന്നുണ്ട്. .
സർക്കാരിനു വേണ്ടി ലൈഫ് മിഷൻ സി.ഇ.ഒയും റെഡ്ക്രസന്റുമായി ഒപ്പുവച്ച ധാരണാപത്രത്തിന്റെ തുടർച്ചയായുള്ള നിർമ്മാണക്കരാർ, ഇന്ത്യയിൽ ആസ്തിയുണ്ടാക്കാനോ കെട്ടിടം നിർമ്മിക്കാനോ ടെൻഡർ വിളിക്കാനോ അധികാരമില്ലാത്ത വിദേശനയതന്ത്ര പ്രതിനിധി ഒപ്പിട്ടതും ഗുരുതരക്രമക്കേടാണ്. കോൺസുൽജനറലുണ്ടാക്കിയ നിർമ്മാണക്കരാർ ചീഫ്സെക്രട്ടറി അദ്ധ്യക്ഷനായ ലൈഫ് മിഷൻ ഉന്നതസമിതി അംഗീകരിച്ചിട്ടുണ്ട്. ചീഫ് പ്രോട്ടോക്കോൾ ഓഫീസറായ ചീഫ്സെക്രട്ടറി ഇക്കാര്യം കേന്ദ്രത്തെ അറിയിക്കാതിരുന്നതിനെക്കുറിച്ചും കേന്ദ്രം അന്വേഷിക്കുന്നുണ്ട്.