തിരുവനന്തപുരം: സർക്കാരിനെ കുരുക്കിലാക്കിയ ലൈഫ് മിഷൻ പദ്ധതിയിലെ അഴിമതിയിൽ സി.ബി.ഐ അന്വേഷണത്തിന് സാദ്ധ്യതയേറി. പദ്ധതിക്കായി യു.എ.ഇയിൽ നിന്ന് നേടിയ 20 കോടിയിൽ സ്വർണക്കടത്ത് പ്രതി സ്വപ്ന സുരേഷും സംഘവും 4.25 കോടി രൂപ കോഴ തട്ടിയെന്നു വെളിപ്പെട്ട കേസിൽ നാല് ഐ.എ.എസ് ഉദ്യോഗസ്ഥരുടെ പങ്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിട്ടുണ്ട്. കേന്ദ്ര ഉദ്യോഗസ്ഥർ ഉൾപ്പെട്ട ഇടപാടിൽ അഴിമതി നടന്നതായി ഇ.ഡി റിപ്പോർട്ട് നൽകുന്നതോടെ സി.ബി.ഐ അന്വേഷണത്തിനാകും വഴിതുറക്കുക.കോഴയിൽ വിജിലൻസ് അന്വേഷണത്തിന് സർക്കാർ കഴിഞ്ഞ ദിവസം ഉത്തരവിട്ടെങ്കിലും, യു.എ.ഇ കോൺസുലേറ്റും എമിറേറ്റ്സ് റെഡ്ക്രസന്റും ഉൾപ്പെട്ട ഇടപാട് ഫലപ്രദമായി അന്വേഷിക്കാൻ വിജിലൻസിനാവില്ല. അഴിമതി കേസുകൾ അന്വേഷിക്കാൻ സി.ബി.ഐക്കാണ് അധികാരം. മാത്രമല്ല, വിദേശത്തടക്കം അന്വേഷണം നടത്തേണ്ടതുകൊണ്ട് സംസ്ഥാന വിജിലൻസിന് പരിമിതികളുണ്ട്.
കേന്ദ്രാനുമതി തേടാതെയും വിദേശസഹായ നിയന്ത്രണചട്ടം ലംഘിച്ചും നടന്ന ഇടപാടിനെ കേന്ദ്രം അതീവ ഗൗരവത്തോടെയാണ് കാണുന്നത്.യു.എ.ഇ ഭരണാധികാരിയുടെ അദ്ധ്യക്ഷതയിലുള്ള റെഡ്ക്രസന്റിൽ നിന്നാണ് കോഴ തട്ടിയത് എന്നതും കേസിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. റെഡ്ക്രസന്റ് നൽകിയ 3.2 കോടിയുടെ ആദ്യഗഡുവും അടുത്ത ഗഡുവിൽ 75 ലക്ഷവും കോഴയായി തട്ടിയെടുത്തതായാണ് കണ്ടെത്തൽ.
കോൺസൽ ജനറലിനെ മുന്നിൽ നിറുത്തി ശിവശങ്കറും സ്വപ്നയും കോഴ തട്ടാൻ ഗൂഢാലോചന നടത്തിയെന്നും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്.
സുനാമി പുനരധിവാസ പദ്ധതികൾക്കായി കേന്ദ്ര ചട്ടങ്ങൾ ലംഘിച്ച് ഹോളണ്ടിൽ നിന്ന് കോടികൾ വാങ്ങി തിരിമറി നടത്തിയ കോട്ടയത്തെ ക്രിസ്ത്യൻ സംഘടനയ്ക്കെതിരായ കേസ് സി.ബി.ഐ തിരുവനന്തപുരം യൂണിറ്റ് കഴിഞ്ഞ ദിവസം ഏറ്റെടുത്തിരുന്നു. സമാന രീതിയിൽ വിദേശ ഇടപാടുകൾ ഉൾപ്പെട്ട ലൈഫ് കോഴ കേസും സി.ബി.ഐ ഏറ്രെടുക്കുമെന്നാണ് നിയമവിദഗ്ദ്ധരുടെ നിഗമനം.
റെഡ് ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ട യു.വി.ജോസ്, അന്നത്തെ ചീഫ് സെക്രട്ടറി ടോംജോസ്, തദ്ദേശ സെക്രട്ടറി ടി.കെ.ജോസ് എന്നിവരും ലൈഫ് മിഷൻ ഇടപാടിന്റെ ഭാഗമാണ്. ടി.കെ.ജോസ് ഇപ്പോൾ ആഭ്യന്തരവകുപ്പ് അഡി. ചീഫ് സെക്രട്ടറിയാണ്. യു.വി.ജോസിനു മുൻപ് ശിവശങ്കറായിരുന്നു ലൈഫ്മിഷൻ സി.ഇ.ഒ. ധാരണപത്രം തയ്യാറാക്കിയത് റെഡ്ക്രസന്റാണെന്നതും വിദേശസഹായത്തിന്റെ ഫയൽ മുഖ്യമന്ത്രി കാണാതെയും മന്ത്രിസഭ അറിയാതെയും അംഗീകരിക്കപ്പെട്ടതും ദുരൂഹമാണ്.
ലംഘനങ്ങൾ ഇങ്ങനെ
വിദേശസഹായം സ്വീകരിക്കാൻ വിദേശ, ആഭ്യന്തര മന്ത്രാലയങ്ങളുടെ
അനുമതി തേടിയില്ല
ദുരന്തനിവാരണ നിയമം, വിദേശസഹായ നിയന്ത്രണചട്ടം എന്നിവ ലംഘിച്ചു
വിദേശപണം സ്വീകരിക്കാൻ റിസർവ് ബാങ്കിന്റെ അനുമതി തേടിയില്ല
കോൺസൽ ജനറലിന് ഇന്ത്യയിൽ കരാറൊപ്പിടാനാവില്ല.
പദ്ധതി ഭൂമി സർക്കാരിന്റേതായിരിക്കെ, യു.എ.ഇ കോൺസൽ ജനറലിന് നിർമ്മാണ കരാറുകാരനെ നിശ്ചയിക്കാനാകില്ല