തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിൽ കഴിഞ്ഞ മാസം 25നുണ്ടായ തീ പിടിത്തത്തെ സംബന്ധിച്ച് 'തെറ്റിദ്ധാരണജനകവും അപകീർത്തികരവുമായ' വാർത്തകൾ പ്രസിദ്ധീകരിച്ച പത്ര, ദൃശ്യ മാദ്ധ്യമങ്ങൾക്കെതിരെ നിയമനടപടിക്ക് സർക്കാർ. ഈ മാദ്ധ്യമങ്ങൾക്കെതിരെ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യക്കും ,ഇക്കാര്യത്തിൽ അധികാരമുള്ള മറ്റ് സ്ഥാപനങ്ങൾക്കും പരാതി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
ഔദ്യോഗിക കൃത്യനിർവഹണത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്കെതിരെ അപകീർത്തികരമായ വാർത്തകൾ പ്രസിദ്ധീകരിച്ചതിന് ക്രിമിനൽ നടപടി ചട്ടം 199 (2) പ്രകാരം കേസ് ഫയൽ ചെയ്യാൻ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടും.ആ ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് എല്ലാ ദിനപത്രങ്ങളിലും വന്ന വാർത്തകളുടെ കട്ടിംഗുകളും ടെലിവിഷൻ ചാനലുകളിൽ സംപ്രേഷണം ചെയ്ത ഭാഗങ്ങളുമടക്കം അഡ്വക്കറ്റ് ജനറലിന് കൈമാറും.
സ്വതന്ത്ര മാദ്ധ്യമപ്രവർത്തനത്തിന്റെ വായ് മൂടിക്കെട്ടാനുള്ള നീക്കത്തിന്റെ ഭാഗമാണ് സർക്കാർ നടപടിയെന്നാരോപിച്ച് കോൺഗ്രസും ബി.ജെ.പിയും രംഗത്തെത്തി.
അതൊരിക്കലും മാദ്ധ്യമ ധർമ്മമാവില്ല-മുഖ്യമന്ത്രി
ശരിയായ വാർത്തകൾ നൽകി ജനങ്ങളെ ബോധവത്കരിക്കുന്ന മാദ്ധ്യമങ്ങളെ നമ്മളെപ്പോഴും സ്വാഗതം ചെയ്യുകയും പിന്തുണയും നൽകുകയും ചെയ്യുന്നുണ്ടെന്നും,എന്നാൽ . തീ പിടിത്തമുണ്ടായ ഘട്ടത്തിൽ ചില മാദ്ധ്യമങ്ങൾ അതിനെ വല്ലാതെ വക്രീകരിച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
" സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും ചീഫ്സെക്രട്ടറിയുമടക്കം തീ വയ്പിന് നേതൃത്വം കൊടുത്തുവെന്ന് പറയുന്നത് വരെയെത്തി. ഏതെങ്കിലും ആളുകൾ പറഞ്ഞ വിടുവായത്തമല്ല. ചില മാദ്ധ്യമങ്ങൾ തന്നെ പറഞ്ഞതാണ്.അത് സാധാരണ മാദ്ധ്യമ ധർമ്മമല്ലല്ലോ. മുഖ്യമന്ത്രിയും ചീഫ്സെക്രട്ടറിയും തീവയ്ക്കാനും തെളിവ് നശിപ്പിക്കാനും നടക്കുന്നവരാണെന്ന് പറഞ്ഞത് സംസ്ഥാന ഭരണ സംവിധാനത്തെയാകെ അപകീർത്തിപ്പെടുത്തുന്നതാണ്. അങ്ങേയറ്റത്തെ അവിശ്വാസമായിരിക്കും അത് നാട്ടിലാകെ ഉണ്ടാക്കുക. അതൊരു തരത്തിലും മാദ്ധ്യമ ധർമ്മമാവില്ല. അത് ഉത്തരവാദപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തുകയെന്നതാണ് മന്ത്രിസഭ കണ്ടിട്ടുള്ളത്. അല്ലാതെ ആരുടെയും നേർക്ക് നടപടിയെടുക്കുകയെന്നല്ല " -മുഖ്യമന്ത്രി വ്യക്തമാക്കി.