തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി ഇടപാടിലെ ആരോപണങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെയും തദ്ദേശ മന്ത്രിയെയുമൊക്കെ ആരൊക്കെയോ ചോദ്യം ചെയ്യാൻ പോകുന്നുവെന്ന പൂതി മനസ്സിൽ വച്ചാൽ മതിയെന്ന് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുസംബന്ധിച്ച് , ചോദ്യകർത്താവിനോട് അങ്ങേയറ്റം ക്ഷുഭിതനായാണ് അദ്ദേഹം പ്രതികരിച്ചത്.
വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത് സി.ബി.ഐ അന്വേഷണ സാദ്ധ്യത തടയാനാണെന്ന ആക്ഷേപമുണ്ടല്ലോയെന്ന ചോദ്യമാണ് മുഖ്യമന്ത്രി രോഷാകുലനാക്കിയത്. 'അതാണ് നിങ്ങളുടെയൊക്കെ മാനസികാവസ്ഥയ്ക്കുള്ള തകരാറ് .ഞാൻ നന്നാവൂല അമ്മാവാ എന്ന പഴയകാലത്തെ കുട്ടിയുടെ മാനസികാവസ്ഥയിൽ നിന്ന് ചോദ്യം ചോദിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ ഇതാകും അവസ്ഥ. നിങ്ങളെന്തേ അന്വേഷണം നടത്തുന്നില്ലെന്നായിരുന്നു ആദ്യത്തെ വർത്തമാനം. ഇപ്പോൾ അന്വേഷണത്തിന് തീരുമാനിച്ചപ്പോൾ, നിങ്ങളെന്തോ ഭയപ്പെട്ടിട്ടാണ് അന്വേഷണം നടത്തുന്നതെന്നായി. യഥാർത്ഥ വസ്തുതകൾ സംബന്ധിച്ചാണ് അന്വേഷണം. അത് നടക്കട്ടെ. അതുമായി ബന്ധപ്പെട്ട് മറ്റെന്തെങ്കിലും വേണമെങ്കിൽ ബന്ധപ്പെട്ട അന്വേഷണ ഏജൻസി പറയും. മുഖ്യമന്ത്രി ഉൾപ്പെടുന്ന വിജിലൻസല്ല ഉള്ളത്. വിജിലൻസ് സ്വതന്ത്ര ഏജൻസിയാണ്. അല്ലാത്ത എന്തനുഭവമാണ് നിങ്ങൾക്കുള്ളത്. എന്താരോപണം. ആർക്കെതിരെ ആരോപണം. എന്തസംബന്ധവും വിളിച്ചുപറയാൻ നാക്കുണ്ടെന്ന് കരുതി എന്തും പറയരുത്. അസംബന്ധം പറയാനല്ലല്ലോ വാർത്താസമ്മേളനം. നിങ്ങൾക്ക് വേറെന്തോ ഉദ്ദേശ്യമുണ്ട്. അതിന് വഴങ്ങാൻ ഞാൻ തയാറല്ല. വേറെ ഉദ്ദേശ്യമുണ്ടെങ്കിൽ മനസ്സിൽ വച്ചാൽ മതി' -മുഖ്യമന്ത്രി ചോദ്യകർത്താവിനോട് പറഞ്ഞു.
എം.എൽ.എയാണ് ആരോപണമുന്നയിച്ചതെന്ന് മാദ്ധ്യമപ്രവർത്തകൻ ചൂണ്ടിക്കാട്ടിയപ്പോൾ, ആർക്കെങ്കിലും എന്തെങ്കിലുമൊക്കെ തോന്നി വിളിച്ചുപറഞ്ഞാലത് ആരോപണമാകുമോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം. മാദ്ധ്യമപ്രവർത്തകനാണെന്ന നിലയിലാണല്ലോ നിങ്ങളിരിക്കുന്നത്. ആദ്യം മാദ്ധ്യമപ്രവർത്തകനുണ്ടാവേണ്ട സാധാരണ ഗുണമാർജ്ജിക്കാൻ നോക്ക്. അതാണ് വേണ്ടത്- മുഖ്യമന്ത്രി പറഞ്ഞു.