കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ സഞ്ജു സാംസൺ നടത്തിയ റൺവേട്ടയാണ് ഇപ്പോൾ ക്രിക്കറ്റ് സർക്കിളിലെ ചർച്ചാവിഷയം. മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിംഗ് ധോണിയെ വിക്കറ്റിന് പിന്നിൽ സാക്ഷി നിറുത്തി ഒൻപത് സിക്സുകളും ഒരു ഫോറുമടക്കം 74 റൺസാണ് 32 പന്തുകളിൽ നിന്ന് സഞ്ജു അടിച്ചുകൂട്ടിയത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ധോണിക്ക് പകരക്കാരനാകാൻ പരിഗണിക്കപ്പെടുന്ന സഞ്ജു തനിക്ക് ഈ ഐ.പി.എൽ ഏറെ നിർണായകമാണെന്ന തിരിച്ചറിവോടെയാണ് യു.എ.ഇയിലെത്തിയിരിക്കുന്നത്. ലോക്ക്ഡൗണിൽപ്പോലും മുടക്കാത്ത കഠിനമായ വർക്ക് ഔട്ടുകളും പരിശീലനവുമാണ് ആദ്യ മത്സരത്തിൽതന്നെ മികച്ച പ്രകടനം പുറത്തെടുക്കാൻ ഈ മലയാളി താരത്തെ സഹായിച്ചത്.
സഞ്ജുവിനെക്കുറിച്ച് പ്രമുഖർ പറഞ്ഞത്
സഞ്ജു ബെസ്റ്റ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മാത്രമല്ല, ഇന്ത്യയിൽ ഇപ്പോഴുള്ള ഏറ്റവും മികച്ച ബാറ്റ്സ്മാൻ തന്നെയാണ്. സംശയമുള്ളവർക്ക് ഞാനുമായി തർക്കത്തിന് മുതിരാം. മറ്റെല്ലാടീമുകൾക്കും സഞ്ജുവിനെ വേണം. സഞ്ജുവിന് ഇടമില്ലാത്ത ഏക പ്ളേയിംഗ് ഇലവൻ ഇന്ത്യൻ ടീമിന്റേത് മാത്രമാണ്.
- ഗൗതം ഗംഭീർ
സഞ്ജുവിന്റെ ബാറ്റിംഗ് ഒരു ദിവസം മാത്രമല്ല,എല്ലാ ദിവസവും കണ്ടിരിക്കാൻ ഞാൻ റെഡി.
- ഹർഷ ഭോഗ്ലെ
ഇത്ര ഈസിയായി സിക്സുകൾ പറത്തുന്നത് കാണുമ്പോൾ സഞ്ജു നെറ്റ്സിൽ ബാറ്റ് ചെയ്യുകയാണെന്ന് തോന്നും
- സുനിൽ ഗാവസ്കർ