അരൂർ: ആന്ധ്രയിൽ നിന്നുള്ള വനാമി ചെമ്മീൻ ഇറക്കുമതി ഇടപാടിൽ 15.58 കോടി ഇടനിലക്കാർ തട്ടിയെന്നു പരാതി. ഒളിവിൽ പോയ ചന്തിരൂർ സ്വദേശി നിയാസ്, പള്ളുരുത്തി സ്വദേശി യഹിയ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.
ചെമ്മീൻ കർഷകർക്ക് നൽകേണ്ട തുക ഇവർ തട്ടിയെടുത്തെന്ന് ആരോപിച്ച് തിരുനെൽവേലി പാളയം കോട്ട് ശാന്തിനഗറിൽ അബൂബേക്കർ നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇരുവർക്കുമെതിരെ കബളിപ്പിക്കൽ, വിശ്വാസ വഞ്ചന വകുപ്പുകൾ ചേർത്താണ് കേസെടുത്തതെന്ന് അരൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ പി.എസ്.സുബ്രഹ്മണ്യൻ പറഞ്ഞു. വിദേശ രാജ്യങ്ങളിലെ മാർക്കറ്റുകളിൽ പ്രിയമുള്ള ഇനമാണ് വനാമി ചെമ്മീൻ. ചെമ്മീൻ കയറ്റുമതി സ്ഥാപനങ്ങൾ ഏറെയുള്ള അരൂർ മേഖലയിൽ, ആന്ധ്രാപ്രദേശിൽ വ്യാപകമായി കൃഷി ചെയ്യുന്ന വനാമി ചെമ്മീനാണ് കൂടുതൽ ഉപയോഗിക്കുന്നത്. കഴിഞ്ഞ മേയ് മുതൽ ജൂലൈ വരെ പീലിംഗ് ഷെഡുകളിൽ നൽകാനായി 112 ലോഡ് വനാമി ചെമ്മീനാണ് ഇടനിലക്കാരായ നിയാസും യഹിയയും ചേർന്ന് ഇറക്കുമതി ചെയ്തത്. ആകെ 28 കോടിയുടെ ചെമ്മീൻ ആന്ധ്രാപ്രദേശിലുള്ള ചെമ്മീൻ കർഷകരിൽ നിന്ന് ഇവർ വാങ്ങി. പലപ്പോഴായി അയച്ചു നൽകിയ ചെമ്മീൻ ചന്തിരൂരിൽ വച്ച് കൈപ്പറ്റിയ ശേഷം വില മുഴുവൻ നൽകാതെ നിയാസും യഹിയയും വിശ്വാസവഞ്ചന കാട്ടിയെന്നാണ് പരാതി.