കൊച്ചി: സംസ്ഥാനത്തെ ഡന്റൽ ഹൈജീനിസ്റ്റുകൾ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും സജീവമാണെങ്കിലും ഇവർക്ക് നേരെയുള്ള ആരോഗ്യ വകുപ്പിന്റെ അവഗണനക്ക് മാറ്റമില്ല. നാളിതുവരെയായിട്ടും ഒരു പ്രമോഷൻ തസ്തിക പോലും ഇവർക്ക് അനുവദിച്ചിട്ടില്ല. ആരോഗ്യ വകുപ്പിൽ വിവിധ ജില്ലാ, ജനറൽ, താലൂക്ക്, ആശുപത്രികളിലായി 115 ഡന്റൽ ഹൈജീനിസ്റ്റ് തസ്തിക മാത്രമാണ് ഉള്ളത്. 100 ഡന്റൽ ഹൈജീനിസ്റ്റുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ മൂന്ന് പേർ കൊവിഡ് ബാധിച്ച് ചികിത്സയിലാണ്.
ശമ്പള സ്കെയിൽ അപാകത
കൊവിഡ് കാലത്ത് പ്രവർത്തിക്കുന്നതിൽ ഹൈറിസ്ക് വിഭാഗത്തിൽപ്പെട്ടവരാണ് ഡന്റൽ ഹൈജീനിസ്റ്റുകൾ. യാതൊരുവിധ ആനുകൂല്യങ്ങളോ ശമ്പള പരിഷ്കരണമോ ഇവർക്ക് ലഭിച്ചിട്ടില്ല. മുൻ ശമ്പള കമ്മിഷനുകൾ പൂർണമായി അവഗണിച്ച മട്ടാണ്. 22,200 രൂപ ശമ്പള സ്കെയിൽ കയറുന്ന ഇവർക്ക് 27,800 രൂപ മാത്രമാണ് ഉയർന്ന ശമ്പളം.
സംസ്ഥാനത്ത് വിവിധ ദന്ത, വദന രോഗങ്ങൾ പെരുകുമ്പോഴും ഇതിനെതിരെ ബോധവത്കരണ പ്രവർത്തനം നടത്തേണ്ട സാങ്കേതിക വിദഗ്ദ്ധരായ ഡന്റൽ ഹൈജീനിസ്റ്റുകൾക്ക് സംസ്ഥാനത്ത് പ്രമോഷൻ സൂപ്പർ വൈസറി തസ്തിതകൾ അനുവദിച്ചിട്ടില്ല. പരിഷ്കരിക്കാനോ ഇവരെ ഫീൽഡ്തല ബോധവത്കരണത്തിന് ഉപയോഗപ്പെടുത്താനോ ആരോഗ്യ വകുപ്പ് തയ്യാറായിട്ടില്ല. ക്ലിനിക്കൽ ജോലികകളുടെ ചുമതല മാത്രമാണ് നൽകിയിരിക്കുന്നത്.
നടപടി അനിവാര്യം
നിലവിലുള്ള 2:2:1 റേഷ്യോ പ്രമോഷൻ രീതി പരിഷ്കരിച്ച് 2:2:1:1 റേഷ്യോയിൽ സെലക്ഷൻ ഗ്രേഡ് ഡൻ്റൽ മെക്കാനിക്ക് തസ്തിക അനുവദിച്ചാൽ ഈ തസ്തികകളിലെ പ്രമോഷൻ അപാകത പരിഹരിക്കാൻ സാധിക്കുമെന്ന് അവർ പറയുന്നു. ബോധവത്കരണ പ്രവർത്തനങ്ങളുടെ ഉത്തരവാദിത്വം ഡന്റൽ ഹൈജീനിസ്റ്റുകളെ ഏല്പിച്ചാൽ സംസ്ഥാനത്ത് ദന്തരോഗങ്ങൾ വർദ്ധിക്കുന്നത് തടയുവാൻ സാധിക്കുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം
ആവശ്യങ്ങൾ
1. 35700 - 75600 രൂപ ശമ്പള സ്കെയിൽ
2. 2:2:1:1 റേഷ്യോയിൽ സെലക്ഷൻ ഗ്രേഡ് ഡൻ്റൽ മെക്കാനിക്ക് തസ്തിക
3. ദന്തവദന രോഗ ബോധവത്കരണത്തിന് ഹെൽത്ത് കൗൺസിലർ, സൂപ്പർവൈസർ തസ്തിക
കടുത്ത അവഗണന
"കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നേരിട്ടും അല്ലാതെയും ഡന്റൽ ഹൈജീനിസ്റ്റുകൾ വിശ്രമമില്ലാത്ത പ്രവർത്തനത്തിലാണ്. ഒരു പ്രമോഷൻ തസ്തിക പോലും ഇല്ലാതെ സേവന വേതന വ്യവസ്ഥകളിൽ ഈ വിഭാഗം ജീവനക്കാർ കടുത്ത അവഗണയാണ് നേരിടുന്നത്. നിരവധി പ്രക്ഷോഭങ്ങൾ നടത്തിയിട്ടും നിവേദനങ്ങൾ നൽകിയിട്ടും പരിഹാരമുണ്ടായിട്ടില്ല".
എസ്. വിജയകുമാരൻ നായർ
സംസ്ഥാന ജനറൽ സെക്രട്ടറി
ജോയിന്റ് കൗൺസിൽ