ന്യൂഡൽഹി: കേന്ദ്ര റെയിൽവേ സഹമന്ത്രിയും കർണാടകയിൽ നിന്നുള്ള ബി.ജെ.പി എം.പിയുമായ സുരേഷ് അംഗഡി(65) അന്തരിച്ചു. കൊവിഡ് ബാധിച്ച് ഡൽഹി എയിംസിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയാണ് അന്ത്യം സംഭവിച്ചത്.പാർലമെന്റ് സമ്മേളനം തുടങ്ങുന്നതിനുമുമ്പ് സെപ്തംബർ 11നാണ് കൊവിഡ് സ്ഥിരീകരിച്ചത്. ലക്ഷണങ്ങളില്ലാതിരുന്നതിനാൽ നിരീക്ഷണത്തിൽ പോകുകയും പിന്നീട് എയിംസിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഭാര്യ: മംഗൾ അംഗഡി. മക്കൾ: സ്പൂർത്തി, ശ്രദ്ധ.2004 മുതൽ കർണാടകയിലെ ബെലഗാവി (ബെൽഗാം)മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സുരേഷ് അംഗഡി താഴെതട്ടിൽ നിന്നുയർന്ന് ദേശീയ തലത്തിലെത്തിയ നേതാവാണ്. 2019ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ വി.എസ്. സാധുനാവറിനെ നാലുലക്ഷത്തിൽ പരം വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. കർണാടകയിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ വലിയ സംഭാവനകൾ നൽകിയ സുരേഷ് അംഗഡി സവിശേഷ വ്യക്തിത്വത്തിന് ഉടമയായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ആഭ്യന്തരമന്ത്രി അമിത് ഷായും അനുശോചിച്ചു. കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ കേന്ദ്രമന്ത്രിയാണ് സുരേഷ് അംഗഡി.