നീതിദേവത കണ്ണുകൾ മൂടിക്കെട്ടി ഇരിക്കുന്നതായാണ് സങ്കല്പം. പ്രതിക്കൂട്ടിൽ നിൽക്കുന്നയാൾ പണക്കാരനാണോ പാമരനാണോ മന്ത്രിയാണോ സിനിമാതാരമാണോ എന്നതൊന്നും കോടതി കാണുകയോ പരിഗണിക്കുകയോ ചെയ്യേണ്ട വിഷയമല്ല. വസ്തുതകളും തെളിവുകളും വാദങ്ങളും മാത്രമാണ് അവിടെ പ്രധാനം. ഇന്ത്യയിലെ ഓരോ പൗരനും ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശമാണ് നിയമത്തിന്റെ മുന്നിലുള്ള ഈ തുല്യത.
നിയമസഭാംഗത്തിനും വോട്ടർമാർക്കും വോട്ടില്ലാത്തവർക്കും നിയമം നൽകുന്ന പരിരക്ഷയും അവകാശവും നെല്ലിട പോലും വ്യത്യസ്തമല്ല. പൊതുമുതൽ നശിപ്പിച്ചാൽ ശിക്ഷിക്കണമെന്ന നിയമം നിർമ്മിക്കുന്നത് തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ ഉൾക്കൊള്ളുന്ന സഭകളാണ്. നിയമം നിർമ്മിച്ചവർ തന്നെ പച്ചയായി അത് ലംഘിക്കുന്നതിന്റെ നേർസാക്ഷ്യമാണ് 2015 മാർച്ച് 13ന് സംസ്ഥാന നിയമസഭയിൽ നടന്ന അക്രമ സംഭവങ്ങൾ വീക്ഷിച്ചവർ കണ്ടത്. എന്തെല്ലാമാണ് അവിടെ ജനങ്ങൾ കണ്ടത്. അന്ന് എം.എൽ.എ ആയിരുന്ന ഇന്നത്തെ ഒരു പ്രമുഖ മന്ത്രി സ്പീക്കറുടെ കസേര എടുത്ത് എന്തോ മഹാകാര്യം ചെയ്യുന്ന മട്ടിൽ മറിച്ചിട്ട് നിർവൃതിയടയുന്നു. ഡയസിലെ മൈക്കും കമ്പ്യൂട്ടറും പാനലുകളും മറ്റ് ചില എം.എൽ.എമാർ അടിച്ച് തകർക്കുന്നു. കസേരകൾക്ക് മുകളിലൂടെ സ്കൈവാക്ക് നടത്തിയ മറ്റൊരു എം.എൽ.എ ബോധം കെട്ട് വീഴുന്നു. എന്നേ കടിച്ചേ എന്ന് പറഞ്ഞ് മറ്റൊരു എം.എൽ.എ ഒരു വനിതാ സഭാംഗത്തിനെതിരെ പരാതി ഉന്നയിച്ചുകൊണ്ട് കടികൊണ്ട ശരീരഭാഗം പ്രദർശിപ്പിക്കുന്നു. ഇതിനെല്ലാമിടയിൽ കെ.എം. മാണിക്ക് ബഡ്ജറ്റ് അവതരിപ്പിക്കാൻ അനുമതി ലഭിക്കുന്നു. ഒരു കോമഡി സിനിമയെ വെല്ലുന്ന രംഗങ്ങളാണ് അവിടെ അരങ്ങേറിയതെങ്കിലും ഉന്നതമായ ജനാധിപത്യമൂല്യങ്ങൾ എന്നും പുലർന്നു കാണണം എന്നാഗ്രഹിക്കുന്നവരിൽ ആ രംഗങ്ങൾ ട്രാജഡിയായാണ് ഇന്ന് അവശേഷിക്കുന്നത്. ഇത്രയും വരുന്നില്ലെങ്കിലും ഇതിനോടടുത്ത രംഗങ്ങൾ ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്. ഇരുപക്ഷത്തുള്ളവരും അതിന് കാരണക്കാരും കാര്യക്കാരും ആയിട്ടുണ്ട്. അതായത് നിയമത്തെ വെല്ലുവിളിക്കുന്ന അഭ്യാസങ്ങൾ ഏതെങ്കിലും ഒരു പക്ഷത്തിന്റെ മാത്രം കുത്തകയല്ലെന്നർത്ഥം. 6 എം.എൽ.എമാർ പ്രതികളായ നിയമസഭയിലെ അക്രമം സംബന്ധിച്ച കേസ് പിൻവലിക്കാൻ ചെന്ന സർക്കാരിന് ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് നല്ല പ്രഹരമാണ് ലഭിച്ചത്. നിയമസഭയിൽ വോട്ട് ചെയ്യാനും സംസാരിക്കാനും അപ്പുറമുള്ള യാതൊരു പരിരക്ഷയും ഇന്ത്യൻ ഭരണഘടന സാമാജികർക്ക് അനുവദിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. കേസ് ഒക്ടോബർ 15- ലേക്ക് മാറ്റിവച്ചു. അന്ന് എല്ലാ പ്രതികളും നേരിട്ട് ഹാജരാകണമെന്നും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ജാമ്യം എടുക്കേണ്ട കേസാണിത്. അന്ന് പ്രതികൾ ഹാജരാകുമോ? നശിപ്പിക്കപ്പെട്ട 2.2 ലക്ഷത്തിന്റെ പൊതുമുതൽ പ്രതികളിൽ നിന്നും ഈടാക്കുമോ? ഇതൊക്കെ കേരളം ഉറ്റുനോക്കുകയാണ്. ഒരു സാധാരണ പൗരൻ മാസ്ക് വയ്ക്കാതെ പോയാൽ ശിക്ഷിക്കപ്പെടുന്ന നാടാണിത്. പൊതുമുതൽ നശിപ്പിച്ചവർ നമ്മൾ സാധാരണ ജനങ്ങൾക്ക് മുന്നിലൂടെ കൈയും വീശി പോകാൻ ഇടയായാൽ അതിനേക്കാൾ തെറ്റായ മറ്റൊരു സന്ദേശം സമൂഹത്തിന് ലഭിക്കാനില്ല.