കിംഗ്സ് ഇലവൻ പഞ്ചാബ് Vs റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂർ
(രാത്രി 7.30 മുതൽ സ്റ്റാർ സ്പോർട്സിൽ )
ആദ്യ മത്സരത്തിൽ വിജയിച്ച ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സും തോറ്റുപോയ കിംഗ്സ് ഇലവൻ പഞ്ചാബും തമ്മിലാണ് ഇന്നത്തെ ഐ.പി.എൽ പോരാട്ടം . ഇതുവരെ ഐ.പി.എൽ കിരീടത്തിൽ മുത്തമിട്ടിട്ടില്ലാത്ത ടീമുകളാണ് രണ്ടും .
ബാംഗ്ളൂർ ആദ്യ മത്സരത്തിൽ സൺറൈസേഴ്സിനെ പത്തുറൺസിനാണ് കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത് 163/5 എന്ന സ്കോർ ഉയർത്തിയ ശേഷം കൊഹ്ലിയും സംഘവും 153 റൺസിന് സൺറൈസേഴ്സിനെ ആൾഔട്ടാക്കുകയായിരുന്നു.
പഞ്ചാബ് ആദ്യ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനോട് സൂപ്പർ ഒാവറിലാണ് തോറ്റത്. മത്സരത്തിന്റെ 19-ാം ഒാവറിൽ ക്രീസിൽ ബാറ്റുതൊട്ടില്ലെന്ന കാരണം പറഞ്ഞ് അമ്പയർ നിതിൻ മേനോൻ തങ്ങളുടെ ഒരു റൺവെട്ടിക്കുറച്ചതാണ് തോൽവിക്ക് കാരണമെന്ന പരാതിയുമായി പഞ്ചാബ് വിവാദമുയർത്തിയിരുന്നു.
മലയാളി ഒാപ്പണർ ദേവ്ദത്ത് പടിക്കൽ അരങ്ങേറ്റ അർദ്ധസെഞ്ച്വറിയുമായി ബാംഗ്ളൂർ നിരയിൽ പ്രതീക്ഷയുണർത്തുന്നു. കൊഹ്ലി, ഡിവില്ലിയേഴ്സ്, ആരോൺ ഫിഞ്ച് തുടങ്ങിയവർ ബാറ്റിംഗിലും യുസ്വേന്ദ്ര ചഹൽ,ഉമേഷ് യാദവ്,ഡേൽ സ്റ്റെയ്ൻ,നവ്ദീപ് സെയ്നി എന്നിവർ ബൗളിംഗിലും ശക്തികേന്ദ്രങ്ങളാണ്.
കഴിഞ്ഞ കളിയിൽ 89 റൺസടിച്ച മായാങ്ക് അഗർവാൾ , നായകൻ കെ.എൽ രാഹുൽ,നിക്കോളാസ് പുരാൻ,ഗ്ളെൻ മാക്സ്വെൽ, സർഫ്രാസ് ഖാൻ,ക്രിസ് യോർദാൻ,ഷെൽഡൺ കോട്ടെറൽ, മുഹമ്മദ് ഷമി, രവി ബിഷ്ണോയ് തുടങ്ങിയവരാണ് പഞ്ചാബിന്റെ കുന്തമുനകൾ.