തിരുവല്ല: ഹോംസ്റ്റേയിൽ താമസിച്ച് കള്ളനോട്ട് നിർമ്മാണമെന്ന സംശയത്തെത്തുടർന്ന് പൊലീസ് അന്വേഷണം തുടങ്ങി. കുറ്റപ്പുഴയിലെ സ്വകാര്യ ലോഡ്ജിൽ താമസിച്ചു പോയ സംഘത്തിനെയാണ് സംശയിക്കുന്നത്. ഇവർ പോയശേഷം മുറി വൃത്തിയാക്കുന്നതിനിടെ ഇന്ത്യൻ കറൻസി അച്ചടിച്ചതെന്ന് സംശയിക്കുന്ന പേപ്പറിന്റെ കുറെ ഭാഗങ്ങൾ ലഭിച്ചു. ലോഡ്ജ് ഉടമ വിവരം അറിയിച്ചതനുസരിച്ച് പൊലീസ് പരിശോധന നടത്തി കേസെടുക്കുകയായിരുന്നു. 2000, 500, 200 എന്നീ കറൻസികളുടെ ഭാഗമാണ് ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. സ്ത്രീകളും കുട്ടികളും അടങ്ങുന്ന പത്തോളം പേരുള്ള സംഘം കഴിഞ്ഞ ഫെബ്രുവരി മുതൽ എല്ലാമാസവും നാലു ദിവസം വീതം ഇവിടെ താമസിച്ചിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇവർ നൽകിയത് കണ്ണൂരിലെ രണ്ടു മേൽവിലാസമാണ്. ഈ മാസം അഞ്ചിനാണ് ഇവർ ഒടുവിൽ താമസിച്ചു മടങ്ങിയത്.