മാനന്തവാടി: കാട്ടാനകളെ പേടിച്ച് കഴിയുകയാണ് പനവല്ലി പാണ്ട്രങ്ങ സ്വദേശികൾ. കാട്ടാന കൂട്ടങ്ങൾ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ ആണ് ഉണ്ടാക്കുന്നത്. കൃഷിയിടങ്ങളിൽ രാവും പകലും കാട്ടാനക്കൂട്ടം ഇറങ്ങി കൃഷി നശിപ്പിക്കുകയാണ്.
രാത്രി സമയങ്ങളിൽ നാട്ടുകാർക്ക് വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പോലും പറ്റാത്ത അവസ്ഥയാണ്. നിരവധിതവണ വനപാലകർക്ക് മറ്റും പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. കഴിഞ്ഞദിവസം ബൈക്ക് യാത്രക്കാർ കാട്ടാനയുടെ ആക്രമണത്തിൽ നിന്നും അത്ഭുതകരമായിട്ടാണ് രക്ഷപ്പെട്ടത്.
പ്രദേശത്തെ നിരവധി കർഷകരുടെ കൃഷിയിടങ്ങളിൽ ആണ് കാട്ടാനക്കൂട്ടം കൃഷിനാശം വരുത്തിവെച്ചത്. വാഴ, കവുങ്ങ്, തെങ്ങ്, കാപ്പി, കുരുമുളക് എന്നിവയും മറ്റു കാർഷിക ഉൽപന്നങ്ങളും കാട്ടാനകൾ നശിപ്പിക്കുന്നുണ്ട്. ഇതിനുപുറമെ വൻമരങ്ങളും കാട്ടാനകൾ പിഴുതെറിയുന്നു.
ലക്ഷങ്ങൾ മുടക്കി കൃഷിയിടങ്ങൾ സംരക്ഷിക്കാനായി ഫെൻസിങ് അടക്കമുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടും കട്ടാനക്കൂട്ടം അവയെല്ലാം നശിപ്പിക്കുകയാണ്. മരക്കമ്പുകൾ മുകളിൽ ഇട്ടു ചവിട്ടിയാണ് ഇവ വൈദ്യുതി വേലികൾ മറികടക്കുന്നത്. കൃഷിനാശത്തിന് പുറമേ സാധാരണക്കാർക്ക് രാത്രി യാത്ര ചെയ്യാൻ പോലും പറ്റാത്ത സ്ഥിതിയാണുള്ളത്. കഴിഞ്ഞ ദിവസവും നിരവധി കർഷകരുടെ വിളകൾ കാട്ടാനക്കൂട്ടം നശിപ്പിച്ചു. കോശി ജോർജ്, മാത്യു ജോർജ്, ജോൺസൺ ജോർജ്ജ്, ജേക്കബ് ജോർജ്ജ്, എം.ജെ അലക്സാണ്ടർ തുടങ്ങി നിരവധി കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്.
കൃഷിയിടങ്ങളിലുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് കൃത്യമായ നഷ്ടപരിഹാരം കൊടുക്കാൻ അധികൃതർ തയ്യാറാകുന്നുമില്ല. വനംവകുപ്പ് കൃഷിയിടങ്ങളുടെ നഷ്ടങ്ങൾ കണക്കെടുക്കുന്നുണ്ടെങ്കിലും പേരിന് മാത്രമാണ് നഷ്ടപരിഹാരം നൽകുന്നത്. കാട്ടാനകൾ നിരന്തരം കൃഷി നശിപ്പിക്കുന്നതിനാൽ കൃഷി മേഖലയിൽ നിന്ന് പിന്തിരിയാൻ നിർബന്ധിതരാവുകയാണ് കർഷകർ.