കൊല്ലം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി സർക്കാരിനെതിരെ ഉയരുന്ന വിമർശനങ്ങളെ പ്രതിരോധിക്കാനും ചർച്ചകളിൽ പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കാനുമുള്ള സി.പി.എമ്മിന്റെ ഇടപെടൽ സജീവമാകുന്നു. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ പ്രതിഷേധിച്ച് ഏരിയാ കേന്ദ്രങ്ങളിൽ ഇന്നലെ വൈകിട്ട് സി.പി.എം സംഘടിപ്പിച്ച സത്യാഗ്രഹങ്ങൾ കോൺഗ്രസിനെതിരായ കടന്നാക്രമണ വേദികളായി. കോൺഗ്രസും ബി.ജെ.പിയും തുടർച്ചയായി അക്രമ സമരങ്ങൾ സംഘടിപ്പിക്കുന്നെന്ന ആരോപണവുമായി 29ന് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ ജില്ലാ കേന്ദ്രത്തിൽ കൂട്ടായ്മ സംഘടിപ്പിക്കുന്നുണ്ട്. ഇതിനെല്ലാമൊപ്പം സർക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനുള്ള ശ്രമവും ആരംഭിച്ചുകഴിഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെ വികസന രേഖകൾ ഉൾപ്പെടെ തയ്യാറാക്കി പുറത്തിറക്കും.
4 പേരടങ്ങുന്ന സ്ക്വാഡ്
തദ്ദേശ തിരഞ്ഞെടുപ്പിനായി മാസങ്ങൾക്ക് മുമ്പ് തന്നെ സി.പി.എം വാർഡ് കമ്മിറ്റികൾ രൂപീകരിച്ചിരുന്നു. വീടുകളുമായി നിരന്തരം സമ്പർക്കത്തിലേർപ്പെടാൻ സ്ക്വാഡുകളെയും നിശ്ചയിച്ചിരുന്നു. മൂന്ന് മുതൽ നാല് വരെ അംഗങ്ങൾ അടങ്ങുന്ന സ്ക്വാഡിന് 30 മുതൽ 50 വരെ വീടുകളുടെ ചുമതലയുണ്ട്. ഇത്തരത്തിൽ ഒരംഗത്തിന് പത്തിൽ താഴെ വീടുകളുടെ ചുമതലയുണ്ടാകും. കുടുംബങ്ങളിലെ ചർച്ചകൾ, അവരുടെ രാഷ്ട്രീയ അഭിപ്രായങ്ങൾ, വിമർശനങ്ങൾ തുടങ്ങിയവയെല്ലാം അടുത്തറിയണം എന്നതാണ് പ്രധാന ലക്ഷ്യം. എല്ലായിടത്തും ഉദ്ദേശിച്ച തരത്തിൽ പ്രവർത്തനം നടക്കുന്നില്ലെങ്കിലും കുടുംബങ്ങളുമായി സ്ക്വാഡ് അംഗങ്ങൾ നിരന്തര സമ്പർക്കം പുലർത്തുന്ന മേഖലകൾ നിരവധിയാണ്. ഇതിലൂടെ പൊതു ജനാഭിപ്രായ രൂപീകരണം നടത്താനാണ് ശ്രമിക്കുന്നത്.
സി.പി.ഐയും സജീവം
നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണ്ണക്കള്ളക്കടത്തിൽ സ്വപ്ന സുരേഷ് അറസ്റ്റിലായതിന് പിന്നാലെ സി.പി.എമ്മിന് പറയാനുള്ളത് വ്യക്തമാക്കി ലഘുലേഖ പുറത്തിറക്കിയിരുന്നു. ഓരോ വീട്ടിലും നിശ്ചയിക്കപ്പെട്ട സ്ക്വാഡ് അംഗങ്ങളാണ് അന്ന് ലഘുലേഖകൾ വിതരണം ചെയ്തത്. തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിയതോടെ പറയാനുള്ളത് എൽ.ഡി.എഫ് എന്ന പൊതു പ്ലാറ്റ്ഫോമിന്റെ പേരിലാക്കാനും സി.പി.എം ശ്രമിക്കുന്നുണ്ട്. എല്ലാ തരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങളും മാറ്റി വെച്ച് സി.പി.എമ്മിനൊപ്പം തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇറങ്ങുകയാണ് സി.പി.ഐ ഘടകങ്ങളും. മന്ത്രി ജലീലിന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പരസ്യ പിന്തുണ പ്രഖ്യാപിച്ചതോടെ സി.പി.ഐ പ്രവർത്തകർക്കുണ്ടായിരുന്ന ആശയക്കുഴപ്പവും മാറി.