നഗരസഭയിൽ 1500 വരെ
തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിൽ പഞ്ചായത്തുകളിലെ ഒരു ബൂത്തിൽ ശരാശരി ആയിരത്തിൽ താഴെ വോട്ടർമാർ മതിയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം. കോർപറേഷനുകളിലും മുൻസിപ്പാലിറ്റികളിലും 1500 ആയും നിജപ്പെടുത്തി. അന്തിമ വോട്ടർ പട്ടിക 26 ന് പ്രസിദ്ധീകരിക്കുമ്പോൾ, ഓരോ ബൂത്തിലെയും വോട്ടർമാരുടെ എണ്ണമെടുത്ത ശേഷമാവും
തുടർന്നുള്ള ക്രമീകരണം.
കൊവിഡ് സാഹചര്യത്തിൽ സാമൂഹിക അകലം പാലിക്കാനാണ് ബൂത്തുകളിൽ വോട്ടർമാരുടെ എണ്ണം നിജപ്പെടുത്തുന്നത്. അധികം വോട്ടർമാരുള്ള ബൂത്തുകൾ വിഭജിക്കാനാണ് ആലോചന. എന്നാൽ, വോട്ടിംഗ് യന്ത്രങ്ങളുടെ അപര്യാപ്തതയും പുതിയ ബൂത്തുകൾ കണ്ടെത്തുന്നതിനുള്ള ബുദ്ധിമുട്ടും പ്രശ്നമാണ്.
ബൂത്തുകളിലെ വോട്ടർമാരുടെ എണ്ണം കുറയ്ക്കണമെന്ന് കമ്മിഷൻ വിളിച്ച യോഗത്തിൽ രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. ഒരു ബൂത്തിൽ 500 പേരായി ചുരുക്കണമെന്നായിരുന്നു യു.ഡി.എഫിന്റെ ആവശ്യം. എന്നാൽ, രണ്ട് വോട്ടിംഗ് യൂണിറ്റുകൾ ഒരു ബൂത്തിലെന്നത് പ്രായോഗികമല്ലെന്ന് കമ്മിഷൻ വ്യക്തമാക്കി. പഞ്ചായത്ത് വാർഡിലെ ഒരു ബൂത്തിൽ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികൾക്കായി മൂന്ന് വോട്ടിംഗ് യന്ത്രങ്ങൾ. വേണം. തികയാതെ വരുന്ന യന്ത്രങ്ങൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനിൽ നിന്ന് വാങ്ങും. ഹൈദരാബാദിലെ ഇ.സി.എൽ കമ്പനിയാണ് വോട്ടിംഗ് യന്ത്രങ്ങൾ നിർമ്മിക്കുന്നത്.
ഓരോ ബൂത്തിലെയും വോട്ടർമാരുടെ എണ്ണം 1000 ആയാലും വോട്ടു ചെയ്യാൻ അധിക സമയമെടുക്കില്ലെന്നാണ് കമ്മിഷൻ വിലയിരുത്തുന്നത്. വോട്ടെടുപ്പ് സമയം ഒരു മണിക്കൂർ കൂട്ടിയിട്ടുമുണ്ട്. നിയമസഭ, പാർലമെന്റ് തിരഞ്ഞെടുപ്പുകളിൽ ഒരു ബൂത്തിലെ വോട്ടർമാരുടെ ശരാശരി എണ്ണം 1500 ആണ്.
പഞ്ചായത്തുകൾ - 941. വാർഡുകൾ - 15,962
മുനിസിപ്പാലിറ്റികൾ -87. വാർഡുകൾ - 3122
കോർപറേഷനുകൾ -6. വാർഡുകൾ - 414