ന്യൂഡൽഹി: പാർലമെന്റിന് മുന്നിൽ കർഷക ബില്ലിനെതിരായ പ്രതിഷേധത്തിൽ കേരളത്തിൽ നിന്നുള്ള ഇടത് എം.പിമാർക്കൊപ്പം പ്ലക്കാർഡുമേന്തി കേരള കോൺഗ്രസ് എം. നേതാവ് ജോസ് കെ.മാണി അണിചേർന്നു. പാർലമെന്റ് വളപ്പിലെ ഗാന്ധിപ്രതിമയ്ക്ക് മുന്നിൽ എളമരം കരീം, എ.എ. ആരിഫ്, കെ.കെ. രാഗേഷ്, കെ.സോമപ്രസാദ്, ബിനോയ് വിശ്വം എന്നിവർക്കൊപ്പമാണ് ജോസ് കെ.മാണിയും പങ്കെടുത്തത്.
ജോസ് വിഭാഗം ഇടത് മുന്നണിയിലേക്ക് ചേക്കേറാനുള്ള ചർച്ചകൾ സജീവമായിരിക്കെയാണ് രാഷ്ട്രീയ സൂചന നൽകിയുള്ള ജോസ് കെ മാണിയുടെ നീക്കം. ഇടത് എം.പിമാർക്കൊപ്പം നിൽക്കുന്ന ചിത്രം കേരളത്തിലെ സി.പി.എമ്മിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം സമരത്തിൽ പങ്കെടുത്തത് രാഷ്ട്രീയമായി കാണേണ്ടെന്ന് ജോസ് പറഞ്ഞു. കർഷക ബില്ലിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുയരുകയാണ്. രാഷ്ട്രീയത്തിന് അതീതമായ നിലപാടായി കണ്ടാൽ മതി. എൽ.ഡി.എഫ് പ്രവേശനത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് തീരുമാനമെടുക്കും.