തൃശൂർ: ദേശീയപാത 66 കുറ്റിപ്പുറം- ഇടപ്പള്ളി റോഡിന്റെയും ദേശീയപാത 544ന്റെയും (മണ്ണുത്തി - വടക്കഞ്ചേരി റോഡ്) വികസന സ്ഥലമെടുപ്പ് സർവേ നടപടികൾ 30ന് മുൻപ് പൂർത്തീകരിക്കാൻ അവലോകന യോഗത്തിൽ കളക്ടർ എസ്. ഷാനവാസ് നിർദ്ദേശം നൽകി. ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി അണ്ടത്തോട് മൂത്തകുന്നം ഭാഗത്ത് പദ്ധതിക്കായി ഏറ്റെടുക്കേണ്ട 62.655 കിലോമീറ്റർ പരിധിയിൽ ഉൾപ്പെടുന്ന 204.7464 ഹെക്ടർ ഭൂമിയിലെ കാർഷിക വിളകളുടെയും വൃക്ഷങ്ങളുടെയും വിവരം വില നിർണയത്തിനായി വനംവകുപ്പ് സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിന് കൈമാറി നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണം. ഏറ്റെടുക്കുന്ന ഭൂമിയിലെ നിർമ്മിതികളുടെ വിലനിർണയം നടത്താൻ പാനൽ രൂപീകരിക്കും.
ദേശീയപാതാ 66 വികസനത്തിനായി ജില്ലയിലെ ചാവക്കാട്, കൊടുങ്ങല്ലൂർ താലൂക്കിലെ 20 വില്ലേജുകളിൽ നിന്നായി 63 കിലോമീറ്ററിൽ 204.7464 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ദേശീയപാത 47 വികസനത്തിന്റെ ഭാഗമായി നെന്മണിക്കര വില്ലേജിൽ ഏറ്റെടുക്കാൻ ബാക്കിയുണ്ടായിരുന്ന 0.1460 ഹെക്ടർ സ്ഥലം കൈമാറിയിട്ടുണ്ട്. പാണഞ്ചേരി, പീച്ചി, ഒല്ലൂക്കര വില്ലേജുകളിലെ ബാക്കിയുള്ള 2.5171 ഭൂമി ഏറ്റെടുക്കൽ നടപടികളും സമയബന്ധിതമായി പൂർത്തീകരിക്കും. സർവേ കല്ലുകൾ സ്ഥാപിക്കുന്നതും പൂർത്തിയാക്കും.
യോഗത്തിൽ ദേശീയപാത കൊച്ചിൻ പ്രൊജക്ട് ഡയറക്ടർ ഡി. സാഹു, പാലക്കാട് പ്രതിനിധി, സർവേ സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടർ പാർവതി ദേവി ജെ, എൽ.എ ഡെപ്യൂട്ടി കളക്ടർ ബ്രീജാകുമാരി, തൃശൂർ ഡെപ്യൂട്ടി ഡയറക്ടർ സർവ്വേ നളിനി പി.കെ തുടങ്ങിയവർ പങ്കെടുത്തു.