തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ മെഡിക്കൽ ഡിവൈസസ് പാർക്കിന് ഇന്ന് മുഖ്യമന്ത്രി തറക്കല്ലിടും. രാവിലെ 10ന് ഓൺലൈനിലൂടെയാണ് ചടങ്ങ് നടക്കുന്നത്. സംസ്ഥാന വ്യവസായ വികസന കോർപ്പറേഷന്റെ തിരുവനന്തപുരം തോന്നയ്ക്കലിലെ ലൈഫ് സയൻസ് പാർക്കിലാണ് മെഡിക്കൽ ഡിവൈസസ് പാർക്ക് ഒരുങ്ങുന്നത്. ഗവേഷണം,നവീന ഉപകരണങ്ങളുടെ നിർമ്മാണം,പരീക്ഷണം തുടങ്ങി മെഡിക്കൽ രംഗത്തെ ഉപകരണ വിപണിയ്ക്ക് ആവശ്യമായ എല്ലാ സേവനങ്ങളും ഇവിടെ ലഭ്യമാകും. പാർക്കിലെ 9 ഏക്കർ സ്ഥലത്ത് 230 കോടി രൂപ ചെലവിലാണ് പാർക്ക് ഉയരുക. 18 മാസം കൊണ്ട് നിർമ്മാണം പൂർത്തീകരിക്കും. ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ചടങ്ങിൽ വ്യവസായ മന്ത്രി ഇ.പി ജയരാജൻ അദ്ധ്യക്ഷനാകും.