തൃശൂർ: സി.പി.എമ്മിന്റെ നേതൃത്വത്തിൽ അഴീക്കോടൻ രാഘവന് സ്മരണാഞ്ജലി അർപ്പിച്ചു. രാവിലെ 2411 സി.പി.എം ബ്രാഞ്ചുകളിലും പ്രഭാതഭേരിയോടെ പതാക ഉയർത്തി. എട്ടുമണിക്ക് ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ സ്മാരക മന്ദിരത്തിൽ ജില്ലാ സെക്രട്ടറി എം.എം. വർഗീസ് പതാക ഉയർത്തി. തുടർന്ന് ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന് ചെട്ടിയങ്ങാടിയിലെ സ്മൃതി മണ്ഡപത്തിൽ ജില്ലാ സെക്രട്ടറി പുഷ്പചക്രം അർപ്പിച്ചു.
തൃശൂർ ഏരിയയിൽ നിന്നുള്ള പ്രവർത്തകർ ചെട്ടിയങ്ങാടിയിലെ പരിപാടിയിൽ അണിനിരന്നു. ജില്ലാ സെക്രട്ടറി എം.എം. വർഗീസ് അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ. ഷാജൻ അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം പി.കെ. ബിജു, ജില്ലാ സെക്രട്ടേറിയറ്റ് അംഗം യു.പി. ജോസഫ് എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി കെ. രവീന്ദ്രൻ സ്വാഗതവും കെ.യു. സുരേഷ് നന്ദിയും പറഞ്ഞു.