ന്യൂഡൽഹി: തൊഴിൽ കോഡുകളുമായി ബന്ധപ്പെട്ട മൂന്നു ബില്ലുകളും പൊതുപ്രവർത്തകരും സന്നദ്ധ സംഘടനകളും വിദേശ സംഭാവന സ്വീകരിക്കുന്നത് നിയന്ത്രിക്കാനും രജിസ്ട്രേഷന് ആധാർ നിർബന്ധമാക്കാനും വ്യവസ്ഥകളുള്ള വിദേശ സംഭാവന (നിയന്ത്രണ) ഭേദഗതിയും പാസാക്കിയ ശേഷം ഇന്നലെ രാജ്യസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു.
ഇടതു പാർട്ടികളടക്കം തൊഴിലാളി വിരുദ്ധമെന്ന് മുദ്രകുത്തിയ തൊഴിൽ കോഡ് ബില്ലുകളിൻ മേൽ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചതിനാൽ വിശദ ചർച്ചയുണ്ടായില്ല.
പുതിയ നിയമം സംഘടിത, അസംഘടിത മേഖലയിലെ തൊഴിലാളികൾക്കും അന്യസംസ്ഥാന തൊഴിലാളികൾക്കും ഓൺലൈൻ ഗിഗ് തൊഴിലാളികൾക്കും ഇ.പി.എഫ് അടക്കമുള്ള സാമൂഹ്യസുരക്ഷ ഉറപ്പുവരുത്തുമെന്ന് സർക്കാർ അവകാശപ്പെടുമ്പോൾ മൂന്നൂറിൽ താഴെ തൊഴിലാളികളുള്ള സ്ഥാപനങ്ങൾ അനുമതിയില്ലാതെ ഉടമയ്ക്ക് പൂട്ടാമെന്ന വ്യവസ്ഥയും സമരങ്ങൾക്കും ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾക്കുമുള്ള നിയന്ത്രണവുമാണ് ഇടത് പാർട്ടികളും മറ്റും എതിർക്കുന്നത്.
വിദേശസംഭാവനാ ഭേദഗതി ബിൽ സന്നദ്ധ സംഘടനകളെ നിയന്ത്രിക്കാൻ ലക്ഷ്യമിടുന്നില്ലെന്നും സുതാര്യതയ്ക്കുള്ളതാണെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് പറഞ്ഞു. നിലവിലുള്ള ചട്ടങ്ങളിലെ പിഴവ് മുതലെടുത്ത് സന്നദ്ധ സംഘടനകൾ പാവപ്പെട്ടവരുടെ പേരിൽ വിദേശ ഫണ്ട് സ്വീകരിച്ച് ആഡംബര വാഹനങ്ങളും ബംഗ്ളാവുകളും വാങ്ങുന്നത് പതിവാണ്. കേരളത്തിൽ സന്നദ്ധ സംഘടനകൾ ഇത്തരം ഫണ്ടുപയോഗിച്ച് നിർബന്ധിത മതപരിവർത്തനം നടത്തുന്നുണ്ടെന്നും മന്ത്രി ആരോപിച്ചു.