അന്വേഷണം ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘത്തിന്
കൊല്ലം: വിവാഹത്തിൽ നിന്ന് വരൻ പിന്മാറിയതിന്റെ മനോവിഷമത്തിൽ കൊട്ടിയത്ത് യുവതി (24) ആത്മഹത്യ ചെയ്ത സംഭവത്തിലെ ദുരൂഹത നീക്കാൻ കൂടത്തായി കൂട്ടമരണം അന്വേഷിച്ച് തെളിയിച്ച എസ്.പി കെ.ജി. സൈമണിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമെത്തും.
ലോക്കൽ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി യുവതിയുടെ കുടുംബം മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഡി.ജി.പിയുടെ നിർദ്ദേശപ്രകാരം കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. കൊട്ടിയം, കണ്ണനല്ലൂർ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു കേസ് ആദ്യം അന്വേഷിച്ചിരുന്നത്. അന്വേഷണത്തിൽ അപാകതയുണ്ടെന്ന് യുവതിയുടെ ബന്ധുക്കളും ആക്ഷൻ കൗൺസിലും ആരോപിച്ചതിന്റെ അടിസ്ഥാനത്തിൽ കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ജില്ലാ ക്രൈംബ്രാഞ്ച് അസി. കമ്മിഷ്ണർ അഭിലാഷിന്റെ നേതൃത്വത്തിൽ രണ്ട് ദിവസം മുൻപ് അന്വേഷണം ആരംഭിച്ചപ്പോഴാണ് സംസ്ഥാന ക്രൈംബ്രാഞ്ചിന് കേസ് കൈമാറിക്കൊണ്ട് ഇന്നലെ ഉത്തരവായത്.
പത്തനംതിട്ട എസ്.പി കെ.ജി. സൈമണിന് കൊല്ലം ക്രൈംബ്രാഞ്ച് എസ്.പിയുടെ അധിക ചുമതലകൂടിയുണ്ട്. കഴിഞ്ഞ എട്ട് വർഷമായി ഹാരിസുമായി പ്രണയത്തിലായിരുന്ന യുവതിയെ കഴിഞ്ഞമാസം മൂന്നിനായിരുന്നു വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഫോൺ സംഭാഷണം വഴിത്തിരിവാകും
ഹാരിസിനെയല്ലാതെ മറ്റൊരാളെ വിവാഹം കഴിക്കില്ലെന്ന നിലപാടിലായിരുന്നു യുവതി. ഇതു സംബന്ധിച്ച് യുവതിയും ഹാരിസും തമ്മിലുള്ള ഫോൺ സംഭാഷണത്തിന്റെ രേഖകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഒടുവിൽ നടത്തിയ ഫോൺ സംഭാഷണത്തിനിടെ യുവതി ബ്ലേഡ് ഉപയോഗിച്ച് കൈ മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇതിന്റെ ചിത്രം ഹാരിസിന് അയച്ചു കൊടുക്കുകയും ചെയ്തു. പിന്നീട് ഹാരിസിന്റെ അമ്മയെയും യുവതി വിളിച്ചിരുന്നു. തുടർന്നായിരുന്നു മരണം. യുവതിയെ ഗർഭച്ഛിദ്രത്തിന് വിധേയയാക്കിയതിൽ ഒരു സീരിയൽ നടിക്കും ഹാരിസിന്റെ മാതാവിനും പങ്കുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. അതേസമയം ഹാരിസിന്റെ അമ്മയും സീരിയൽ നടിയും കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുകയാണ്.