27 ന് ലോക ടൂറിസം ദിനം
കൊച്ചി: കൊവിഡിന് ശേഷം ഉയിർത്തെഴുന്നേൽക്കുന്ന വിനോദസഞ്ചാര മേഖലക്ക് ഭീഷണി പ്ളാസ്റ്റിക്, പാക്കേജ് മാലിന്യങ്ങൾ. പരിപാലനമില്ലാതെ അടച്ചിട്ടിരുന്ന ടൂറിസം കേന്ദ്രങ്ങൾ ഭൂരിഭാഗവും മലിനമാണ്.
കൊവിഡിന് ശേഷം സഞ്ചാരികൾ ശുചിത്വത്തിന് പ്രധാന്യം നൽകും. അടിയന്ത നടപടി സ്വീകരിച്ചില്ലെങ്കിൽ തിരിച്ചടി നേരിടേണ്ടിവരുമെന്ന് ടൂറിസം മേഖലയിലെ സംഘടനകൾ മുന്നറിയിപ്പ് നൽകി.
പാക്കേജിംഗ് മാലിന്യങ്ങൾ ശേഖരിക്കുന്നതിനും സംസ്കരിച്ച് പുനരുപയോഗം ശക്തമാക്കാനും സർക്കാർ മുൻകൈയെടുക്കണമെന്ന് ട്രാവൽ, ടൂറിസം സംഘടനകൾ ആവശ്യപ്പെടുന്നു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ശക്തമാക്കാൻ ട്രാവൽ, ടൂറിസം മേഖലയ്ക്ക് നിർണായക പങ്കുണ്ട്.
മാലിന്യ ശേഖരണം, സംസ്കരണം, ബോധവത്കരണ തുടങ്ങിയവ ത്വരിതപ്പെടുത്തണം. റീസൈക്കിൾ ചെയ്യാൻ വില കുറവായതിനാൽ ചിപ്സ്, ബിസ്കറ്റ് തുടങ്ങിയവ പാക്കു ചെയ്തു വരുന്ന പ്ലാസ്റ്റിക്, ടെട്രാപാക്കുകൾ എന്നിവ നീക്കപ്പെടുന്നില്ല. പെറ്റ്, എച്ച്.ഡി.പി.ഇ ബോട്ടിലുകൾ തുടങ്ങിയവയാണ് റീസൈക്കിൾ ചെയ്യപ്പെടുന്നത്.
വൃത്തിയും വെടിപ്പും പ്രധാനം
രോഗഭീതിയില്ലാതെ സഞ്ചരിക്കാനും താമസിക്കാനും കഴിയുന്നില്ലെങ്കിൽ സഞ്ചാരികൾ കൂടുതൽ മെച്ചപ്പെട്ട സ്ഥലങ്ങൾ തേടിപ്പോകും. വായു, ശബ്ദമലിനീകരണങ്ങൾ, ഖരവസ്തുക്കൾ, ചവറുകൾ, ടോയ്ലറ്റ് മാലിന്യം, രാസവസ്തുക്കൾ, നിർമ്മാണാവശിഷ്ടങ്ങൾ, ആഘോഷങ്ങളുടെ മാലിന്യങ്ങൾ തുടങ്ങിയ ഭീഷണികൾ പലതാണ്. ഇവ ഒഴിവാക്കാൻ കഴിഞ്ഞാൽ ആഗോളതലത്തിൽ പ്രതിച്ഛായ മെച്ചപ്പെടുത്താനും ടൂറിസം പുരോഗമിക്കാനും സഹായിക്കും.
മറ്റു നിർദ്ദേശങ്ങൾ
പ്ലാസ്റ്റിക് നിരോധനം പ്രായോഗികമല്ല.
ശരിയായ നിർമാർജനം, സംസ്കരണം എന്നിവക്ക് ബോധവത്ക്കരണം ആവശ്യമാണ്.
ബീച്ചുകൾ, ഹിൽ സ്റ്റേഷനുകൾ, തീർത്ഥാടനകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ശുചീകരണം നടപ്പാക്കണം.
സർക്കാരും തദ്ദേശ സ്ഥാപനങ്ങളും വ്യക്തികളും സാമൂഹ്യ, സന്നദ്ധ സംഘടനകളും റെസിഡന്റ് അസോസിയേഷനുകളും ശ്രദ്ധ പുലർത്തണം.
ആരോഗ്യ, വൃത്തി ഓഡിറ്റുകൾ സ്ഥിരമായി നടത്തണം
അവസരമാക്കണം
വൃത്തിയും സുരക്ഷിതവും പരിസ്ഥിതിസൗഹാർദവുമായ വിനോദസഞ്ചാര എക്കോസിസ്റ്റം സൃഷ്ടിക്കാനുമുള്ള അവസരമായി കൊവിഡ് അനന്തര കാലത്തെ വിനിയോഗിക്കണം.
പ്രണോബ് സർക്കാർ
പ്രസിഡന്റ്
ഇന്ത്യൻ അസോസിയേഷൻ ഒഫ് ടൂർ ഓപ്പറേറ്റേഴ്സ്
ടൂറിസം മേഖല 2019 ൽ
ജി.ഡി.പിയുടെ 9.3 ശതമാനവും സംഭാവന ചെയ്തു
8.1 ശതമാനം തൊഴിലുകളും സൃഷ്ടിച്ചു.