നെടുമ്പാശേരി: കുന്നുകര വയൽക്കരയിൽ ഗിന്നസിന്റെ പടിവാതിക്കലെത്തി പടവലം. വയൽക്കര ആറ്റുവൈപ്പിൻ വീട്ടിൽ സഹോദരന്മാരായ കബീറും, ജാഫറും നടത്തുന്ന അക്വോപോണികസ് ഫാമിലെ പടവലങ്ങക്ക് 2.65 മീറ്റർ നീളം. അമേരിക്കയിൽ വിളഞ്ഞ 2.63 മീറ്റർ നീളമുള്ള പടവലങ്ങയാണ് നിലവിൽ ഗിന്നസ് ബുക്കിൽ സ്ഥാനമുള്ള ലോകത്തെ ഏറ്റവും നീളംകൂടിയത്.
തങ്ങളുടെ പടവലങ്ങയെ ഗിന്നസ് ബുക്കിൽ രേഖപ്പെടുത്തുന്നതിനുള്ള ശ്രമം സഹോദരങ്ങൾ ആരംഭിച്ചു. കൃഷി വകുപ്പ് അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്. കേരളത്തിൽ ഇതുവരെ കണ്ടത്തെിയ പടവലങ്ങയുടെ നീളം 2.13 മീറ്റർ മുതൽ 2.15 മീറ്റർ വരെയാണ്. മൂന്ന് മാസം മുമ്പ് കുന്നുകര കൃഷിഭവൻെറ എക്കോ ഷോപ്പിൽ നിന്ന് വാങ്ങിയ വിത്തുപയോഗിച്ചാണ് പടവലങ്ങ കൃഷിയും ആരംഭിച്ചത്. വണ്ണം കുറവാണെങ്കിലും തുടക്കം മുതൽ നീളത്തിൽ വളരാൻ തുടങ്ങി. ഒപ്പമുള്ള പടവലങ്ങളും നീളത്തിൽ വളരുകയാണ്.
ദുബായിയിൽ നിന്ന് 15വർഷത്തെ പ്രവാസിജീവിതത്തിന് ശേഷം നാട്ടിലത്തെിയ കബീറും ചൈനയിലെ 'വാഞ്ചോ'യിൽ കമ്പനി ജീവനക്കാരനായ ജാഫറും ചേർന്ന് സർക്കാർ ഏജൻസികളിൽ നിന്നും മറ്റും വിവിധ ശാസ്ത്രീയ കൃഷി രീതികൾ അഭ്യസിച്ച ശേഷമാണ് അക്വോപോണികസ് സംവിധാനത്തിലൂടെ വിഷരഹിത കൃഷികൾ ആരംഭിച്ചത്. ജാഫർ അവധിക്ക് നാട്ടിലത്തെുമ്പോഴാണ് കൃഷിയിൽ സജീവമാകുന്നത്. തക്കാളി, വെണ്ട, പാവൽ, വഴുതന, കോവക്ക, വിവിധയിനം പച്ചമുളകുകൾ തുടങ്ങിയവയാണ് പ്രധാന കൃഷികൾ.