തലയോലപ്പറമ്പിലും വിജയപുരത്തും ലൈഫ് ഭവന സമുച്ചയങ്ങൾക്ക് ശിലയിട്ടു
കോട്ടയം: ജനങ്ങൾക്ക് പ്രയോജനപ്രദമായ വികസന പദ്ധതികൾ ആരോപണങ്ങൾ ഭയന്ന് സർക്കാർ ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലൈഫ് മിഷൻ മൂന്നാം ഘട്ടത്തിൽ സംസ്ഥാനത്ത് നിർമ്മിക്കുന്ന 29 ഭവനസമുച്ചയങ്ങളുടെ നിർമാണോദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് സ്വന്തമായി വീടില്ലാത്തവർ ആരും ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ലൈഫ് മിഷൻ നടപ്പാക്കിയത്. പൊതുജനങ്ങളിൽനിന്ന് ഇതിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. തദ്ദേശഭരണ സ്ഥാപനങ്ങൾ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവച്ചു. 226518 കുടുംബങ്ങൾക്ക് ഇതിനോടകം സ്വന്തം വീട്ടിലേക്ക് താമസം മാറാൻ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.
ജില്ലയിൽ ലൈഫ് ഭവന സമുച്ചയങ്ങൾ നിർമ്മിക്കുന്ന തലയോലപ്പറമ്പിലും വിജയപുരത്തും ഇതോടനുബന്ധിച്ച് ചടങ്ങു നടന്നു. തലയോലപ്പറമ്പ് സെൻ്റ് ജോർജ്ജ് ചർച്ച് പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി പി.തിലോത്തമൻ ശിലാഫലകം അനാച്ഛാദനം ചെയ്തു. സി.കെ ആശ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ എം.അഞ്ജന ഓൺലൈനിലൂടെ സന്ദേശം നൽകി. ലൈഫ്മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ സി.എൻ. സുഭാഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ പത്മ ചന്ദ്രൻ, എം.വൈ.ജയകുമാരി, വൈക്കം നഗരസഭാ ചെയർമാൻ ബിജു കണ്ണേഴത്ത്, ജില്ലാ പഞ്ചായത്തംഗങ്ങളായ പി. സുഗതൻ, അഡ്വ. കെ.കെ രഞ്ജിത്, വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു. തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനൻ സ്വാഗതവും, സെക്രട്ടറി എസ്. സുനിൽ നന്ദിയും പറഞ്ഞു.
വിജയപുരം മാർ അപ്രേം പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ശിലാ ഫലകം അനാച്ഛാദനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിസി ബോബി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ മുഖ്യപ്രഭാഷണം നടത്തി. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ടി ശശീന്ദ്രനാഥ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൈജു ചെറുകോട്ടയിൽ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ലിസമ്മ ബേബി, പഞ്ചായത്ത് സെക്രട്ടറി ടി.ആർ. ശ്രീകാന്ത് എന്നിവർ സംസാരിച്ചു.