പാലക്കാട്: രോഗബാധിതരുടെ എണ്ണം അനുദിനം കുതിച്ചുയരുന്ന സാഹചര്യത്തിൽ കൊവിഡ് പരിശോധനയ്ക്കായി എത്തുന്നവരിൽ നിന്ന് സ്വകാര്യ ലാബുകൾ അമിത ഫീസ് ഈടാക്കുന്നതായി പരാതി. സംസ്ഥാന സർക്കാർ നിശ്ചയിച്ച നിരക്ക് കാറ്റിൽപ്പറത്തിയാണ് ജില്ലയിലെ ചില സ്വകാര്യലാബുകൾ പ്രവർത്തിക്കുന്നത്. പരാതിയുയർന്നിട്ടും ഇതിനെതിരെ ആരോഗ്യ വകുപ്പ് നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
പാലക്കാട്, കണ്ണാടി, നെന്മാറ, ഒറ്റപ്പാലം, വാണിയംകുളം, മണ്ണാർക്കാട്, പട്ടാമ്പി, കോഴിപ്പാറ എന്നിവിടങ്ങളിലാണ് അംഗീകൃത സ്വകാര്യ ലാബുകളിൽ കൊവിഡ് പരിശോധന നടക്കുന്നത്.
ചിലയിടങ്ങളിൽ ആന്റിജൻ ടെസ്റ്റിന് 750 രൂപ ഈടാക്കുന്നതായാണ് പരാതി. സർക്കാർ നിശ്ചയിച്ച നിരക്കിൽ നിന്ന് 100 രൂപ കൂടുതൽ. ആർ.ടി പി.സി.ആർ പരിശോധനയ്ക്ക് 2750 രൂപയാണ് നിശ്ചയിച്ചതെങ്കിൽ ഈടാക്കുന്നത് 3000 രൂപയും. ആശുപത്രികളിൽ അടിയന്തര ശസ്ത്രക്രിയകൾക്കായി കൊവിഡ് പരിശോധനാ ഫലം നിർബന്ധമാണ്. കൂടാതെ വിദേശത്തേക്കും അയൽ സംസ്ഥാനങ്ങളിലെ ജോലി സ്ഥലത്തേക്കും മറ്റും പോകുന്നതിനും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് അത്യാവശ്യമാണ്. അതിനാൽ ദിവസവും നൂറുകണക്കിന് ആളുകളാണ് സ്വകാര്യ ലാബുകളിൽ പരിശോധനയ്ക്കെത്തുന്നത്. സർക്കാർ ലാബുകളെ അപേക്ഷിച്ച് വേഗത്തിൽ ഫലം ലഭിക്കുമെന്നതും അത്യാവശ്യക്കാർ സ്വകാര്യ ലാബുകളെ ആശ്രയിക്കാൻ കാരണമാണ്. സ്വകാര്യ ലാബുകളിൽ പരമാവധി ഒരു മണിക്കൂറിനുള്ളിൽ തന്നെ ആന്റിജൻ പരിശോധനാ ഫലം ലഭ്യമാകുമ്പോൾ സർക്കാർ ലാബുകളിൽ അത് കുറഞ്ഞത് മൂന്നുദിവസമെടുക്കും. ഈ അവസരം മുതലാക്കിയാണ് ലാബുകാർ തോന്നുംപടി ഫീസ് ഈടാക്കുന്നത്.
ഉത്തരവ് ഉടൻ
ജില്ലയിലെ സ്വകാര്യ ആശുപത്രികളിലും കൊവിഡ് ചികിത്സ തുടങ്ങാൻ നടപടി ആരംഭിച്ചു. രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് സ്വകാര്യ ആശുപത്രികളിലെ 10% കിടക്ക കൊവിഡ് ചികിത്സയ്ക്കായി മാറ്റിവയ്ക്കണമെന്ന തീരുമാനത്തിലേക്കെത്തിയത്. മന്ത്രി എ.കെ.ബാലൻ പങ്കെടുത്ത അവലോകന യോഗത്തിൽ ഇതുസംബന്ധിച്ച് ധാരണയിലെത്തിയിരുന്നു.
നേരത്തെ വിവിധ തലങ്ങളിൽ ചർച്ച നടത്തിയെങ്കിലും ഭൂരിപക്ഷം സ്വകാര്യ ആശുപത്രികളും ചികിത്സയുമായി സഹകരിക്കാൻ തയ്യാറായിരുന്നില്ല. ഇതോടെയാണ് സർക്കാർ ഉത്തരവിറക്കാൻ തീരുമാനിച്ചത്.
സ്ഥിരം ചികിത്സ തേടുന്നവർ, ഒ.പി.യിൽ എത്തി ആന്റിജൻ പരിശോധന പോസിറ്റീവ് ആകുന്നവർ എന്നിവരെയെങ്കിലും അതത് സ്വകാര്യ ആശുപത്രികൾ പ്രവേശിപ്പിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ ആവശ്യം.