പാലക്കാട്: മലയാളികളുടെ തിയേറ്റർ ആരവങ്ങൾക്ക് തിരശീല വീണിട്ട് ഇന്നേക്ക് 200 ദിവസം. ഓണം, വിഷു, ഈസ്റ്റർ, റംസാൻ, ദീപാവലി തുടങ്ങി കോടികൾ വാരേണ്ട സീസണുകളെയെല്ലാം കൊവിഡ് എട്ടുനിലയിൽ പൊട്ടിച്ചതോടെ പെട്ടിയിലായത് തിയേറ്റർ ഉടമകളുടെ ബിഗ് ബഡ്ജറ്റ് പ്രതീക്ഷയും സ്വപ്നങ്ങളുമാണ്. രാജ്യത്ത് സിനിമാ ചിത്രീകരണം കൊവിഡ് മാനദണ്ഡം പാലിച്ച് നടക്കുന്നുണ്ടെങ്കിലും സൂപ്പർ താരങ്ങളുടെ ചിത്രങ്ങളിലടക്കം റിലീസിംഗ് അനിശ്ചിതത്വം തുടരുകയാണ്.
മാർച്ച് 10നാണ് സംസ്ഥാനത്തെ സിനിമാ തിയേറ്ററുകൾ അടച്ചത്. പ്രദർശനം നടത്തുന്നില്ലെങ്കിലും വൈദ്യുതി ചാർജ്, മെയിന്റനൻസ്, തൊഴിലാളികളുടെ കൂലി എന്നിങ്ങനെ ഒന്നരലക്ഷം രൂപയോളം പ്രതിമാസം ചെലവുണ്ട്. സ്ഥിതി തുടർന്നാൽ സാമ്പത്തിക ബാദ്ധ്യതയാൽ പിടിച്ചുനിൽക്കാനാവില്ലെന്ന് ഉടമകൾ പറയുന്നു.
ജില്ലയിൽ കൂടുതലും എ.സി തിയേറ്ററുകളാണ്. മൂന്നുദിവസം കൂടുമ്പോൾ വൃത്തിയാക്കണം. രണ്ടുദിവസത്തിലൊരിക്കൽ പ്രദർശനം നടത്തണം. അല്ലെങ്കിൽ തിയ്യേറ്റർ തുറക്കാൻ അനുമതി ലഭിക്കുമ്പോൾ യന്ത്രങ്ങൾ കേടാവും. അത് വലിയ സാമ്പത്തിക ബാദ്ധ്യയുണ്ടാക്കും.
രാജ്യം അഞ്ചാം അൺലോക്കിലേക്ക് കടന്നപ്പോൾ പാർക്കുകൾക്കും ജിംനേഷ്യങ്ങൾക്കും തുറക്കാൻ അനുമതി നൽകിയപ്പോഴും തിയേറ്ററുകളുടെ കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഈ സാഹചര്യത്തിൽ സർക്കാർ മൊറട്ടോറിയം നീട്ടിനൽകണമമെന്നാണ് ഉടമകൾ ആവശ്യപ്പെടുന്നത്. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും കത്തയച്ചിട്ടുണ്ട്.
നേട്ടമില്ലാതെ ഓൺലൈൻ റിലീസ്