ചികിത്സാ കേന്ദ്രങ്ങൾ അവസാനഘട്ടത്തിലേക്ക്
കണ്ണൂർ: തലാസീമിയ, ഹീമോഫീലിയ, സിക്കിൾ സെൽ അനീമിയ പോലുള്ള മാരക രക്തരോഗികൾക്ക് ചികിത്സാകേന്ദ്രങ്ങൾ ഒരുക്കുന്നതിനുള്ള നടപടികൾ മലബാറിൽ പുരോഗമിക്കുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ രക്തപരിശോധനയ്ക്കുള്ള യന്ത്രങ്ങൾ എത്തിക്കഴിഞ്ഞു. കണ്ണൂർ ജില്ലയിൽ തലാസീമിയ, ഹീമോഫീലിയ, സിക്കിൾ സെൽ അനീമിയ പോലുള്ള മുഴുവൻ മാരക രക്ത രോഗികളെയും ജില്ലാ കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്യിക്കാനുള്ള ശ്രമം തുടർന്നു വരികയാണ്. ഇപ്പോൾ ജില്ലയിലെ പല ആശുപത്രികളിലുമായാണ് രോഗികൾ ചികിത്സയിലുള്ളത്. രജിസ്റ്റർ ചെയ്ത ശേഷം അവരുടെ റേഷൻ കാർഡിൽ സീൽ അടിച്ചുകൊടുത്ത് എല്ലാ ആനുകൂല്യങ്ങളും സൗജന്യമാക്കാനാണ് പദ്ധതി.
ചുരുക്കം ചില തലാസീമിയ രോഗികൾ മാത്രമേ കണ്ണൂർ ജില്ലാ ആശുപത്രിയിൽ രക്തം സ്വീകരിക്കാനായി ഇപ്പോൾ എത്താറുള്ളൂ. ലോക് ഡൗണിനു മുമ്പ് മംഗലാപുരത്തോ കോഴിക്കോട്ടോ ആയിരുന്നു കണ്ണൂർ, കാസർകോട് ജില്ലകളിലെ മിക്ക രോഗികളും ചികിത്സയ്ക്ക് പോയിരുന്നത്. എന്നാൽ കൊവിഡ് വ്യാപനത്തെ തുടർന്ന് പൊതുഗതാഗതം മുടങ്ങിയതോടെ ജില്ലയിലെ ആശുപത്രികളിൽ നിന്നാണ് ഇവർ രക്തം സ്വീകരിച്ചുവരുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ പോയിരുന്ന രോഗികൾക്ക് മരുന്നും ഫിൽട്ടർ സെറ്റും സൗജന്യമായാണ് ലഭിച്ചിരുന്നത്. ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ പൊലീസും അഗ്നി സുരക്ഷാ സേനയും മുഖേന ഇവ കണ്ണൂർ, കാസർകോട് ജില്ലകളിലെ രോഗികളുടെ വീടുകളിലെത്തിക്കാൻ മെഡിക്കൽ കോളേജ് അധികൃതർ ശ്രദ്ധിച്ചിരുന്നു.
എന്നാൽ പൊലീസും അഗ്നിശമന സേനയും ഇപ്പോൾ സേവനം നിർത്തിയത് കാരണം രോഗികൾക്ക് മരുന്നും ഫിൽട്ടർ സെറ്റും മുടങ്ങുന്ന സ്ഥിതിയുണ്ടായിരിക്കുകയാണ്. അതത് ജില്ലാ കേന്ദ്രങ്ങളിൽ ഇത് അടിയന്തരമായി ലഭ്യമാക്കിയെങ്കിലേ രോഗികളുടെ ബുദ്ധിമുട്ട് ഒഴിവാക്കാനാവുകയുള്ളൂ.
തലാസീമിയ രോഗികൾക്കുള്ള ജീവൻ രക്ഷാ മരുന്നുകളും ബ്ലഡ് ഫിൽട്ടർ സെറ്റുകളും സൗജന്യമായി ലഭ്യമാവും.
ഡോ. ലത
നോഡൽ ഓഫീസർ
ജില്ലാ ആശുപത്രി, കണ്ണൂർ
ചികിത്സാ കേന്ദ്രങ്ങളുടെ ഔപചാരിക ഉദ്ഘാടനത്തിന് കാത്തുനിൽക്കാതെ രോഗികൾക്ക് മരുന്നും ഫിൽട്ടർ സെറ്റും ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണം.
കരിം കാരശേരി, സ്റ്റേറ്റ് ജന.കൺവീനർ,, കേരള ബ്ലഡ് പേഷ്യന്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ