കോട്ടയം : നാനോ സയൻസിലെ നൂതന കണ്ടുപിടുത്തങ്ങൾക്കും പോളിമർ രസതന്ത്രത്തിൽ നൽകിയ സംഭാവനകൾ പരിഗണിച്ചും എം.ജി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. സാബു തോമസിന് അന്താരാഷ്ട്ര പുരസ്കാരം. സ്വീഡനിലെ ഇന്റർനാഷണൽ അസോസിയേഷൻ ഒഫ് അഡ്വാൻസ്ഡ് മെറ്റീരിയൽസിന്റെ (ഐ.എ.എം.എം.) മികവിനുള്ള പുരസ്കാരവും ഹോണറർ ഫെലോ പദവിയുമാണ് ലഭിച്ചത്. നൂതനമായ നാനോ വസ്തുക്കൾ നിർമിക്കുന്നതിലെ സംഭാവനകളും പോളിമർ സയൻസിന്റെ സമഗ്ര സംഭാവനയും പരിഗണിച്ചാണ് പുരസ്കാരം.
സ്കൂൾ ഒഫ് കെമിക്കൽ സയൻസസിലെ പ്രൊഫസറായ സാബു തോമസ് 125ലധികം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. രാജ്യാന്തര ജേർണലുകളിൽ ആയിരത്തിലധികം പബ്ലിക്കേഷനുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത് നിലവിൽ 48000 തവണ ഗവേഷണ പ്രബന്ധങ്ങളിലും മറ്റും അവലംബ വിധേയമായിട്ടുണ്ട്. ഇന്റർനാഷണൽ അക്കാഡമി ഒഫ് ഫിസിക്കൽ സയൻസസ്, യൂറോപ്യൻ അക്കാദമി ഒഫ് സയൻസസ് എന്നിവയിലും ഇദ്ദേഹം അംഗത്വം നേടിയിട്ടുണ്ട്. 2017ൽ ലൊറൈൻ സർവകലാശാലയും, 2015ൽ സൗത്ത് ബ്രിട്ട്നി സർവകലാശാലയും 'ഡോക്ടർ ഹൊണോറിസ് കോസ' പദവി നൽകി ആദരിച്ചിരുന്നു. 2018ലെ മികച്ച അക്കാദമീഷ്യനുള്ള 'ട്രില' പുരസ്കാരവും ലഭിച്ചു. ലോകത്തെ മികച്ച ശാസ്ത്രജ്ഞരെ കണ്ടെത്തുന്നതിനായി റഷ്യൻ സർക്കാർ നടത്തിയ മത്സരത്തിൽ ആറാം സ്ഥാനം നേടിയിരുന്നു.