ദുബായ്: മുഖസൗന്ദര്യം വർദ്ധിപ്പിക്കാനുള്ള ചികിത്സയ്ക്കെത്തിയ യുവതിയെ ഡോക്ടർ കെട്ടിപ്പിടിച്ച് ഉമ്മവച്ചതായി പരാതി. ദുബായിൽ ഇന്ത്യൻ ഡോക്ടർക്കെതിരെയാണ് അമേരിക്കകാരിയായ 31കാരി പരാതി നൽകിയിരിക്കുന്നത്.
മുഖസൗന്ദര്യം വർദ്ധിപ്പിക്കുന്നതിനായുള്ള ബോട്ടോക്സ് ട്രീറ്റ്മെന്റിനെത്തിയ തന്നെ ഡോക്ടർ കെട്ടിപ്പിടിച്ചതായും ചുംബിച്ചതായും യുവതി ആരോപിച്ചു.
'ബോട്ടോക്സിനു ശേഷം പ്ലാസ്റ്റിക് സർജറിയെക്കുറിച്ച് സംസാരിക്കുന്നതിനായി പരിശോധന മുറിയിലേക്ക് പോയിരുന്നു. ട്രീറ്റ്മെന്റിനെകുറിച്ചുള്ള ഭയവും അടുത്തിടെ സുഹൃത്തുമായുണ്ടായ അകൽച്ചയുമൊക്കെയായി മാനസികമായി തളർന്ന അവസ്ഥയിലായിരുന്നു. ഇതിനിടെയാണ് എന്നെ ഞെട്ടിച്ചു കൊണ്ട് ഡോക്ടർ രണ്ടു കൈ കൊണ്ടും എന്റെ കവിളിൽ പിടിച്ച് രണ്ടുതവണ ചുംബിച്ചത്. ശേഷം ചുണ്ടുകളിൽ ഉമ്മവയ്ക്കാൻ തുനിഞ്ഞെങ്കിലും ഞാൻ ബലമായി മുഖം തിരിച്ച് മുറിയിൽ നിന്നും പുറത്തേക്കിറങ്ങാൻ ശ്രമിച്ചു. പെട്ടെന്ന് ഡോക്ടർ എന്നെ ആശ്വസിപ്പിക്കാൻ ശ്രമിക്കുകയും ആലിംഗനം ചെയ്ത് വീണ്ടും ചുംബിക്കുകയും ചെയ്തു.'- യുവതി പരാതിയിൽ പറഞ്ഞു.
ചോദ്യം ചെയ്യലിൽ 42കാരനായ ഡോക്ടർ കുറ്റം സമ്മതിച്ചു. ഇയാൾക്കെതിരെ പ്രോസിക്യൂഷൻ ലൈംഗിക അതിക്രമക്കുറ്റം ചുമത്തി. കേസിന്റെ വിചാരണ സെപ്തംബർ 29ന് നടക്കും.