ന്യൂയോർക്ക്: വിഖ്യാത പത്രപ്രവർത്തകനും അന്വേഷണാത്മക പത്രപ്രവർത്തനത്തിന്റെ ജീവാത്മാവുമായ ബ്രിട്ടീഷ് അമേരിക്കൻ ജേർണലിസ്റ്റ് ഹരോൾഡ് ഇവാൻസ് (92) അന്തരിച്ചു. പത്രപ്രവർത്തന മേഖലയിൽ നീണ്ട 70 വർഷത്തെ അനുഭവസമ്പത്തിന് ഉടമയാണിദ്ദേഹം.
14 വർഷത്തോളം സൺഡേ ടൈംസിന്റെ എഡിറ്ററായിരുന്ന ഇദ്ദേഹം നിലവിൽ വാർത്ത ഏജൻസിയായ റോയിട്ടേഴ്സിന്റെ എഡിറ്റർ ഇൻ ചാർജായി സേവനമനുഷ്ഠിക്കുകയായിരുന്നു.
ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നാണ് മരണമെന്ന് ഭാര്യ ടിന ബ്രൗൺ അറിയിച്ചു.
ബ്രിട്ടീഷ് പത്രപ്രവർത്തനമേഖലയിലെ അതികായനും അന്വേഷണാത്മക മാദ്ധ്യമപ്രവർത്തനത്തിന്റെ വഴികാട്ടിയുമായിരുന്നു.
സൺഡേ ടൈംസിന്റെ എഡിറ്ററായിരിക്കെ അദ്ദേഹം നടത്തിയ അന്വേഷണാത്മക റിപ്പോർട്ടുകൾ പ്രസിദ്ധമാണ്. താലിഡോമിഡ് എന്ന മരുന്ന് മൂലം ജനന വൈകല്യം സംഭവിച്ച നൂറുകണക്കിന് ബ്രിട്ടീഷ് കുട്ടികൾക്ക് ഒരു നഷ്ടപരിഹാരവും ലഭിച്ചില്ല എന്ന അദ്ദേഹത്തിന്റെ കണ്ടെത്തലും, സംഭവത്തിന് ഉത്തരവാദികളായ മരുന്ന് നിർമ്മാണ കമ്പനികളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാമ്പെയിനും നിരവധി കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നേടിക്കൊടുത്തു.
സൺഡേ ടൈംസിന് ശേഷം, ദ വീക്ക് മാഗസിൻ, ദ ഗാർഡിയൻ, ബി.ബി.സി റേഡിയോ 4, ടൈംസ് ഒഫ് ലണ്ടൻ, റോയിറ്റേഴ്സ് തുടങ്ങി നിരവധി മാദ്ധ്യമസ്ഥാപനങ്ങളിൽ പ്രവർത്തിച്ചു. 1984ൽ അമേരിക്കയിലെ നോർത്ത് കരോളിന ഡ്യൂക്ക് യൂണിവേഴ്സിറ്റിയിൽ അദ്ധ്യാപകനായി. യു.എസ് ന്യൂസ് ആൻഡ് വേൾഡ് റിപ്പോർട്ടിന്റെ എഡിറ്റോറിയൽ ഡയറക്ടറായും ന്യൂയോർക്ക് ഡെയ്ലി ന്യൂസിന്റെ വൈസ് ചെയർമാനായും സേവനം അനുഷ്ഠിച്ചു.
ദ അമേരിക്കൻ സെൻച്വറി, ദേ മെയ്ഡ് അമേരിക്ക, എഡിറ്റേഴ്സ് ആൻഡ് റൈറ്റേഴ്സ്, എസൻഷ്യൽ ഇംഗ്ലീഷ് ഫോർ ജേണലിസ്റ്റ്സ്, എഡിറ്റിംഗ് ആൻഡ് ഡിസൈൻ തുടങ്ങി നിരവധി വിഖ്യാത ഗ്രന്ഥങ്ങളുടെ കർത്താവാണ്.
ഹരോൾഡിന്റെ മാദ്ധ്യമമേഖലയിലെ സംഭാവനകൾ പരിഗണിച്ച് 2003ൽ ബ്രിട്ടീഷ് രാജ്ഞി 'നൈറ്റ് ബാച്ചിലർ' പദവി നൽകി ആദരിച്ചിരുന്നു.
2002ൽ ബ്രിട്ടീഷ് മാദ്ധ്യമമേഖലയുമായി ബന്ധപ്പെട്ട പ്രസ് ഗസറ്റിന്റെ വോട്ടെടുപ്പിൽ എക്കാലത്തെയും മികച്ച പത്രാധിപർ എന്ന വിശേഷണവും അദ്ദേഹത്തിന് ലഭിച്ചിരുന്നു. യൂറോപ്യൻ പ്രസ് പ്രൈസ് ജൂറി ചെയർമാനായിരുന്നു.
ലാൻകാഷെറിലെ എക്കിൾസിൽ 1928 ജൂൺ 28നാണ് അദ്ദേഹത്തിന്റെ ജനനം. 1953ൽ എനിഡ് പാർക്കറെ വിവാഹം കഴിച്ചെങ്കിലും 1978ൽ ഇരുവരും വേർപിരിഞ്ഞു. 1981ൽ മാദ്ധ്യമപ്രവർത്തകയായ ടിന ബ്രൗണിനെ ജീവിതസഖിയാക്കി. രണ്ടുബന്ധത്തിലും കൂടി അഞ്ചു മക്കളുണ്ട്.