വാഷിംഗ്ടൺ: നവംബറിൽ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് ജീവിതത്തെ മാറ്റിമറിക്കാൻ പോകുന്ന ഒന്നാണെന്ന മേഗൻ മാർക്കിളിന്റെ പരാമർശത്തിന് മറുപടിയുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താൻ മേഗന്റെ ആരാധകനല്ലെന്നും അതിനാൽ അവരുടെ പരാമർശങ്ങൾ ശ്രദ്ധിക്കേണ്ടതില്ലെന്നുമാണ് ട്രംപ് പ്രതികരിച്ചത്. ഒപ്പം മേഗന്റെ ഭർത്താവും ബ്രിട്ടീഷ് രാജകുമാരനുമായ ഹാരിക്ക് സൗഭാഗ്യങ്ങൾ നേരുന്നുവെന്നും അത് അദ്ദേഹത്തിന് ആവശ്യം വരുമെന്നും ട്രംപ് പറഞ്ഞു.എ.ബി.സി ചാനലിന് മേഗനും ഹാരിയും സംയുക്തമായി നൽകിയ അഭിമുഖത്തിലാണ് അവർ തിരഞ്ഞെടുപ്പിനെ കുറിച്ച് സംസാരിച്ചത്. എല്ലാ നാലുവർഷം കഴിയുമ്പോഴും ഇനിവരാൻ പോകുന്ന തിരഞ്ഞെടുപ്പ് നമ്മുടെ ജീവിതത്തെ മാറ്റിമറിക്കുന്നതാണെന്ന് പറയാറുണ്ട്. എന്നാൽ ഇൗ തിരഞ്ഞെടുപ്പാണ് യഥാർത്ഥത്തിൽ പ്രാധാന്യമർഹിക്കുന്നത്. വോട്ട് ചെയ്യുമ്പോൾ നിങ്ങളുടെ മൂല്യങ്ങളാണ് അവിടെ പ്രവർത്തിക്കേണ്ടത്. നിങ്ങളുടെ ശബ്ദം കേൾക്കുകയും വേണം എന്നായിരുന്നു മേഗന്റെ പ്രസ്താവന.