നാഗർകോവിൽ: രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് 30 ദിവസം പരോൾ അനുവദിച്ച് മദ്രാസ് ഹൈക്കോടതി. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് വിദഗ്ദ്ധചികിത്സയ്ക്കായി പരോൾ അനുവദിക്കണമെന്ന പേരറിവാളന്റെ അപേക്ഷ നേരത്തെ തമിഴ്നാട് സർക്കാർ നിരസിച്ചിരുന്നു.
പേരറിവാളനും നളിനിയും ഉൾപ്പടെ കേസിലെ ഏഴ് പ്രതികളെയും മാനുഷിക പരിഗണന കണക്കിലെടുത്ത് മോചിപ്പിക്കണമെന്ന തമിഴ്നാട് സർക്കാരിന്റെ ശുപാർശയിൽ ഗവർണറുടെ തീരുമാനം വൈകുന്നത് ചോദ്യം ചെയ്ത് പേരറിവാളന്റെ അമ്മ അർപുതമ്മാൾ ഹർജി നൽകിയിരുന്നു. സി.ബി.ഐയുടെ നേതൃത്വത്തിലുള്ള മൾട്ടി ഡിസിപ്ലിനറി മോണിറ്ററിംഗ് ഏജൻസിയുടെ അന്തിമ റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ തീരുമാനമെടുക്കൂ എന്നാണ് ഗവർണറുടെ ഓഫീസ് അറിയിച്ചിട്ടുള്ളത്.