മാഹി: നാസിപ്പടയുടെ തോക്കിനിരയായ മയ്യഴിക്കാരൻ പയ്യന്റെ കഥ ഫ്രഞ്ചുകാർക്ക് ഇന്നും ഊഷ്മളമായ ഓർമ്മയാണ്. ഉപരിപഠനത്തിന് ഫ്രാൻസിലെത്തിയ മിച്ചിലോട്ട് മാധവൻ ഫ്രഞ്ച് കമ്മ്യൂണിസ്റ്റു പാർട്ടിയുടെ ആഹ്വാനമുൾക്കൊണ്ടാണ് നാസി പടയ്ക്കെതിരെ നിലകൊണ്ടത്.
ഫ്രഞ്ച് മയ്യഴിയിലെ മിച്ചിലോട്ട് തറവാട്ടിൽ ജനിച്ച മാധവൻ മയ്യഴി ഫ്രഞ്ച് സ്കൂളിൽ നിന്ന് ഭസർത്തിഫിക്കാ ഫ്രാൻസ്വെയും പുതുച്ചേരിയിൽ നിന്ന് ഭബ്രവേ സുപ്പീരിയറും' ഭബക്കളോറിയാ' ബിരുദവും പാസായി, എൻജിനിയറിംഗ് പഠനത്തിനായാണ് ഫ്രാൻസിലെത്തിയത്. പുതുച്ചേരി പഠനകാലത്ത് പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനത്തിൽ മുൻ നിരയിലുണ്ടായിരുന്ന മാധവൻ സൊർബോൺ സർവകലാശാലയിലെത്തിയതോടെ കമ്മ്യൂണിസ്റ്റുകാരനായി. ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗത്വം നേടി. അപ്പോഴാണ് രണ്ടാം ലോകയുദ്ധമെത്തിയത്.
ജർമ്മൻ സൈന്യത്തെ തെരുവിൽ നേരിടാനുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി ആഹ്വാനം വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ മുൻനിര പ്രവർത്തകനായ മാധവൻ അക്ഷരംപ്രതി അനുസരിച്ചു. മാധവനും സംഘവും പാരീസിന്റെ തെരുവുകളിൽ ഇറങ്ങിച്ചെന്നു. അതിനിടെ ഒരു സിനിമാശാലയിലുണ്ടായ സ്ഫോടനത്തിൽ 196 പേർ മരിച്ചു. മാധവനെയും സംഘത്തെയും കുടുക്കാൻ നല്ലൊരവസരം ലഭിച്ച ജർമ്മൻ സൈന്യം സ്ഫോടനത്തിൽ പങ്കുണ്ടെന്ന് കള്ളക്കേസുണ്ടാക്കി മാധവനെയും സംഘത്തെയും തടങ്കലിലാക്കി. ക്രൂരപീഡനത്തിന് കുപ്രസിദ്ധിയാർജിച്ച ഷെർമിതിയിലും ബാസ്ത്തീലിലും മാധവൻ ക്രൂര മർദ്ദനങ്ങൾക്കിരയായി. ഈ മർദ്ദനത്തിനൊന്നും മാധവനെ മാനസാന്തരപ്പെടുത്താൻ കഴിയാതിരുന്നപ്പോൾ ഹിറ്റ്ലറുടെ രഹസ്യപ്പൊലീസായ ഗസ്റ്റപ്പോവിന് കൈമാറി.
1942 സെപ്തംബർ 21 ന് കൈകളിൽ വിലങ്ങുവച്ച് മാധവനടക്കമുള്ള തടവുകാരെ വാഹനത്തിൽ കയറ്റി. തടവറയിലുള്ള തന്റെ കാമുകിയോട് സംസാരിക്കാൻ അതിനിടെ മാധവന് അനുമതി കൊടുത്തു. നാസി ഗസ്റ്റപ്പോയുടെ കറുത്ത വാഹനം, പാരീസിലെ പടിഞ്ഞാറു ഭാഗത്തെ വിജനമായ വലേറിയൻ കുന്നിൻ ചെരുവിലെ ചാപ്പലിലിന് മുന്നിൽ ഇറക്കി. അവിടെ അല്പനേരം വിശ്രമം നൽകി വിജനമായ കുന്നിൻ ചെരുവിലേക്ക് എത്തിച്ച് അക്ഷരമാലാ ക്രമത്തിൽ ഓരോരുത്തരെയായി വെടിവച്ചുകൊന്നു. ഏറ്റവും അവസാനമായിരുന്നു മാധവന്റെ ഊഴം. ആ സമയത്തും മാധവൻ ഹിറ്റ്ലർക്കെതിരെ മുദ്രാവാക്യം വിളിച്ചെന്നാണ് പിന്നീട് വെളിപ്പെട്ടത്. മൃതദേഹങ്ങൾ ആ കുന്നിൻചെരുവിൽ കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു.
ഹിറ്റ്ലറുടെ പതനത്തിനുശേഷം വലേറിയൻ കുന്നിൽ മാധവനടക്കമുള്ളവർക്ക് സ്മാരകം ഉയർന്നു. ജനറൽ ഡി ഗോൾ അധികാരത്തിലുണ്ടായിരുന്ന നാൾ തൊട്ട് എല്ലാ വർഷവും ഇവിടെയെത്തി സ്മരണ പുതുക്കാറുണ്ട്. മിച്ചിലോട്ട് മാധവന്റെ മയ്യഴിയിലെ വീട് ഏതാനും വർഷം മുമ്പാണ് പൊളിച്ചുമാറ്റിയത്. ഈ ലോക കമ്മ്യൂണിസ്റ്റ് പോരാളിക്ക്, ലോകത്ത് ആദ്യമായി കമ്മ്യൂണിസ്റ്റുകൾ ബാലറ്റിലൂടെ അധികാരത്തിലെത്തിയ നാട്ടിൽ ഒരു സ്മാരകവുമുണ്ടായിട്ടില്ല.