കൊൽക്കത്ത: ആണവഗവേഷകനും അറ്റോമിക് എനർജി കമ്മിഷൻ മുൻ ചെയർമാനുമായ ഡോ. ശേഖർ ബസു (68) കൊവിഡ് ബാധിച്ച് മരിച്ചു. കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 2014ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചിരുന്നു.
വ്യാഴാഴ്ച പുലർച്ചെ 4.50ഓടെയാണ് മരണം സ്ഥിരീകരിച്ചത്. കൊവിഡിനൊപ്പം വൃക്കസംബന്ധിയായ തകരാറുകളും ഡോ.ബസുവിനുണ്ടായിരുന്നതായി ആശുപത്രി അധികൃതർ വ്യക്തമാക്കി.
മെക്കാനിക്കൽ എൻജിനീയറായ ഡോ.ബസു ഇന്ത്യയിലെ ആണവപദ്ധതികൾക്ക് വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട്. ഇന്ത്യയുടെ ആദ്യത്തെ ആണവോർജ്ജത്തിൽ പ്രവർത്തിക്കുന്ന അന്തർവാഹിനിയായ ഐ.എൻ.എസ് അരിഹന്തിനായി സങ്കീർണമായ റിയാക്ടറുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ തുടക്കം കുറിച്ചവരിൽ ഡോ. ബസുവും ഉൾപ്പെടുന്നു.