കിളിമാനൂർ: നാട്ടിൻപുറങ്ങളിൽ നിന്നും കമുകും അടയ്ക്കയും അപ്രത്യക്ഷമാകുന്നു. ഉള്ള കർഷകർ പ്രതി സന്ധിയിലുമാണ്. കമുകിന് രോഗ ബാധ ഉണ്ടാകുന്നതാണ് ഇവിടുത്തെ അടയ്ക്ക ഡിമാൻഡ് കുറയാൻ കാരണം. കൊവിഡ് മൂലം അടയ്ക്ക ഇറക്കുമതി കേന്ദ്രം നിയന്ത്രിച്ചതിനാൽ അടയ്ക്കയ്ക്ക് വില വർദ്ധിച്ചിട്ടുണ്ട്.
പുതുതലമുറ വെറ്റിലമുറുക്കിലേക്ക് കാര്യമായി ആകർഷിക്കപ്പെട്ടിട്ടില്ലാത്തതിനാൽ ഇന്നും പഴമക്കാരാണ് അടക്കയുടെ പ്രധാന ഉപഭോക്താക്കൾ. നിജം പാക്കുപോലെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്ന ഉത്പന്നങ്ങൾ തയ്യാറാക്കുന്നതിനാണ് കേരളത്തിൽ നിന്നും അടയ്ക്ക കയറ്റി അയയ്ക്കുന്നത്. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ ലൈസൻസികൾ കേരളത്തിൽ നിന്ന് ശേഖരിക്കുന്ന അടയ്ക്ക ഉത്തരേന്ത്യയിലേക്ക് കയറ്റി അയയ്ക്കുകയാണ് പതിവ്.
കേരളത്തിലെയും കർണാടകത്തിലെയും അടയ്ക്കയ്ക്ക് ഗുണമേന്മ കൂടുതലാണ്. പാൻ മസാലയ്ക്ക് നിരോധനം ഉണ്ടെങ്കിലും അടയ്ക്ക ചേർത്തുള്ള വെറ്റിലമുറക്ക് ഉത്തരേന്ത്യക്കാർക്ക് ശീലമാണ്. കേരളത്തിൽ ഇപ്പോൾ അടക്കയുടെ സീസണാണ്. എന്നാൽ മഴ വിളവെടുപ്പിനെ സാരമായി ബാധിച്ചിട്ടുണ്ട്. വടക്കൻ ജില്ലകളിൽ നിന്ന് ലോഡ് കണക്കിന് അടയ്ക്ക ശേഖരിക്കുമ്പോൾ രോഗബാധയുടെ പേരിൽ തെക്കൻ ജില്ലകളിലെ അടയ്ക്ക വ്യാപാരം പ്രതിസന്ധിയിലാണ്.
പാക്കിന് വിപണി വില - ഒരെണ്ണം 5രൂപ
കൊട്ടടയ്ക്ക -കിലോഗ്രാമിന് - 300-350
ഒരുകാലത്ത് ഗ്രാമീണ ജനതയുടെ വരുമാന മാർഗമായിരുന്നു അടയ്ക്ക കൃഷി. കമുകിന്റെ ഉപ ഉത്പന്നങ്ങൾക്കും ആവശ്യക്കാർ ഏറെയായിരുന്നു. നവജാത ശിശുക്കളെ കുളിപ്പിക്കാൻ ഉപയോഗിക്കുന്ന പാള മുതൽ അടുക്കള ആവശ്യത്തിനുള്ള മുറം നിർമിക്കുന്നതിന് വരെ കമുക് ആവശ്യമായിരുന്നു. ഇന്ന് ആ ശീലങ്ങൾ എല്ലാം നഷ്ടമായി. ഹൈന്ദവ ചടങ്ങുകളിൽ ദക്ഷിണയ്ക്കയും അടയ്ക്ക ഉപയോഗിച്ച് വരുന്നു.
വടക്കൻ കേരളത്തിൽ കമുക് മാത്രം കൃഷി ചെയുന്ന കർഷകരുണ്ട്. അവിടെ വൃക്ഷത്തിന് ആവശ്യത്തിന് പരിചരണം ലഭിക്കുന്നതിനാൽ രോഗ ബാധ കുറവാണ്. തെക്കൻ കേരളത്തിൽ സ്ഥിതി വ്യത്യസ്തമാണ്. നാട്ടിൽ വെറ്റിലമുറുക്കുന്നതിനു പ്രായമായവർ മാത്രമാണ് അടയ്ക്ക വാങ്ങുന്നത്. ബാക്കി മുഴുവൻ ഉത്തരേന്ത്യൻ പാക്ക് ഉത്പന്ന നിർമാണത്തിനായി കൊണ്ട് പോകുകയാണ്.
റബ്ബർ കൃഷി വ്യാപകമയതോടെയാണ് കമുകുകൾ അപ്രത്യക്ഷമാകാൻ തുടങ്ങിയത്.
കമുകിന് ഇലകളിൽ ഉണ്ടാകുന്ന മഞ്ഞളിപ്പ് അസുഖം ഈ കൃഷിയെ ബാധിച്ചു.
നെടുമങ്ങാട്, വെഞ്ഞാറമൂട്, ഭരതന്നൂർ, മടത്തറ, കല്ലറ, കിളിമാനൂർ തുടങ്ങിയ മലയോര ഗ്രാമങ്ങളിൽ അടയ്ക്ക വ്യാപാരം സജീവമായിരുന്നു.