കണ്ണൂർ: കണ്ണൂരിന്റെ സഹകരണ പ്രസ്ഥാനങ്ങൾക്ക് വഴിയും വഴികാട്ടിയുമാണ് എന്നും സി.പി. ദാമോദരൻ. അതുകൊണ്ടുതന്നെയാണ് എം.വി. രാഘവൻ സഹകരണമന്ത്രിയായിരുന്നപ്പോൾ സി.പിയെ മുഖ്യ ഉപദേശകനും വലം കൈയുമായി കൂടെ കൂട്ടിയത്. സി.പിയുടെ വാക്കുകളിൽ എം.വി.ആറിനു എന്നും വിശ്വാസമായിരുന്നു.
സി.പിക്ക് വ്യക്തിപരമായ താത്പര്യങ്ങളൊന്നുമില്ല. തന്നെ ഏൽപ്പിക്കുന്ന ജോലികൾ സത്യസന്ധമായും കൃത്യനിഷ്ഠയോടെയും ചെയ്തു തീർക്കുകയെന്നത് അദ്ദേഹത്തിന് ജീവിതവ്രതമായിരുന്നു. എം.വി രാഘവൻ പ്രതിസന്ധികളിലുടെ കടന്നു പോകുമ്പോൾ അദ്ദേഹത്തിന് തുണയായതും സി.പിയായിരുന്നു. വിശ്വസിക്കുന്നവർക്കൊപ്പം നിന്ന് അവരുടെ പ്രശ്നങ്ങളിൽ താങ്ങായി നിൽക്കുകയെന്നതാണ് സി.പിയുടെ വേറിട്ട ശൈലി. സഹകാരി എന്ന് പൂർണ അർഥത്തിൽ വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിഞ്ഞതും അദ്ദേഹത്തിന്റെ ശൈലി കൊണ്ടായിരുന്നു.
കണ്ണൂരിൽ സഹകരണ മേഖലയിൽ ഒരു മെഡിക്കൽ കോളജ് എന്ന എം.വി. രാഘവന്റെ സ്വപ്നത്തെ യാഥാർഥ്യത്തിലേക്ക് നയിക്കാനും സി.പി തന്നെയായിരുന്നു മുൻ നിരയിൽ. എം.വി. രാഘവനു നേരെ പ്രതിഷേധം കത്തിപടരുമ്പോഴും അദ്ദേഹത്തിന് ഉപദേശം നൽകി കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ചതും സി.പിയായിരുന്നു. എന്ത് പ്രശ്നങ്ങളുണ്ടാകുമ്പോഴും സി.പി കൂടെയുണ്ടാകുന്നത് തനിക്ക് എന്നും ആത്മധൈര്യം പകർന്നു തന്നിരുന്നുവെന്ന് എം.വി.ആർ അവസാന കാലത്ത് അനുസ്മരിച്ചിരുന്നു.
കണ്ണൂർ സഹകരണ പ്രസ്, കണ്ണൂർ അർബൻ സഹകരണ സൊസൈറ്റി, കണ്ണൂർ മെഡിക്കൽ കോളേജിലെ സഹകരണ കാന്റീൻ എന്നിവയുടെ മുൻപന്തിയിലും സി.പിയുണ്ടായിരുന്നു. പരിയാരം മെഡിക്കൽ കോളേജിനെ ഒരു ജനകീയ ആശുപത്രിയാക്കി ഉയർത്തിയെടുക്കാൻ അദ്ദേഹം കാണിച്ച ഭരണപാടവം ഈ മേഖലയിലൊക്കെ കണ്ടിരുന്നു.
സി.പിയുടെ മറ്റൊരു മഹാ സംരംഭം കണ്ണൂർ നഗരത്തിലെ ജവഹർ ലൈബ്രറിയാണ്. പരമ്പരാഗത രീതയിൽ ജില്ലാ കളക്ടർ ചെയർമാനും എ.ഡി.എം കൺവീനറുമായി പ്രവർത്തിച്ചിരുന്ന ജവഹർ ലൈബ്രറിക്ക് ജനകീയ മുഖം നൽകാൻ സി.പി.മുന്നിലുണ്ടായിരുന്നു. 1993ൽ ജനറൽ ബോഡി ചേർന്ന് ലൈബ്രറിയുടെ ഭരണഘടന ഭേദഗതി ചെയ്യാൻ തീരുമാനിച്ചു. അങ്ങനെ സി.പിയെ ജവഹർ ലൈബ്രറിയുടെ ആദ്യത്തെ സെക്രട്ടറിയായി തിരഞ്ഞെടുക്കുകയും ചെയ്തു.
യോഗശാലാ റോഡിൽ വെറും കോൺക്രീറ്റ് കാലിൽ മാത്രം നിന്ന ലൈബ്രറിക്ക് ആവശ്യമായ ഫണ്ട് സമാഹരിച്ച് കെട്ടടിവും ഹാളും നിർമ്മിക്കാൻ സി.പിയുടെ നേതൃത്വത്തിന് കഴിഞ്ഞിട്ടുണ്ട്. എല്ലാ പത്രങ്ങളും പ്രസിദ്ധീകരണങ്ങളും ഇവിടെ എത്തിച്ച് നഗരത്തിലെത്തുന്നവർക്ക് വായനയുടെ പുതിയ സംസ്കാരം പകർന്നു നൽകാനും സി.പിക്ക് കഴിഞ്ഞു.