മുട്ടട സ്വദേശി ഒളിവിൽ കടത്തിന് നേതൃത്വം റിട്ട. എസ്.പിയുടെ മകൻ
തിരുവനന്തപുരം: ബാലരാമപുരത്തുനിന്ന് എക്സൈസ് പിടികൂടിയ 203 കിലോ കഞ്ചാവ് എത്തിച്ചത് തലസ്ഥാനത്തെ സമ്പന്ന കുടുംബങ്ങളിലെ ചെറുപ്പക്കാരാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മുട്ടട സ്വദേശിയായ യുവാവിനു വേണ്ടിയാണ് കഞ്ചാവെത്തിച്ചത്. ഇയാൾ കുടുംബസമേതം ഒളിവിലാണ്.മുട്ടടയിലെ വീട്ടിൽ കഞ്ചാവെത്തിക്കാനായിരുന്നു കാറിലുണ്ടായിരുന്നവർക്കുള്ള നിർദ്ദേശം. പഠനത്തിനും മറ്റുമായി ബംഗളൂരുവിൽ എത്തിയ യുവാക്കളാണ് ലഹരി ഉപയോഗത്തിലൂടെ പിന്നീട് കച്ചവടത്തിലേക്ക് തിരിഞ്ഞത്. റിട്ടയേർഡ് എസ്.പി.യുടെ മകനാണ് സംഘത്തിന് നേതൃത്വം നൽകുന്നത്. ആന്ധ്രയിൽനിന്ന് 300 കിലോ കഞ്ചാവാണ് ഇവർ വാങ്ങിയത്.ഇതിൽ 97 കിലോ ബംഗളൂരുവിൽ കൈമാറിയിട്ടുണ്ട്. സംഘത്തിലെ ചിലർ ബംഗളൂരുവിൽ തങ്ങുന്നുണ്ട്. അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡു ചെയ്തു.
ഇതിൽ ടൂർ ഓപ്പറേറ്റായ മെഡിക്കൽ കോളേജ് പഴയറോഡ് നവരംഗം ലെയ്ൻ അമ്പാടിനിലയത്തിൽ ജോമിറ്റ്, ലോക്ക്ഡൗണിലെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് കഞ്ചാവ് കടത്തിലേക്ക് തിരിഞ്ഞത്. കഞ്ചാവ് കൊണ്ടുവന്ന ഒരു കാർ ഇയാളുടേതാണ്. രണ്ടാമത്തെ കാർ കഴക്കൂട്ടത്തുനിന്നു വാടകയ്ക്ക് എടുത്തതാണ്. ഒരു രാഷ്ട്രീയ നേതാവിന്റെ ബന്ധുവിന്റേതാണ് ഈ വാഹനം. അറസ്റ്റിലായ വഞ്ചിയൂർ ലക്ഷ്മിഭവനിൽ സുരേഷ്കുമാർ തലസ്ഥാനത്തെ രണ്ടു കൊലക്കേസുകളിലും 14 ക്രിമിനൽക്കേസുകളിലും പ്രതിയാണ്. കഠിനംകുളം പഞ്ചായത്തുനട സ്വദേശി വിപിൻരാജ് ഏറെക്കാലമായി കഞ്ചാവുകടത്തിൽ സജീവമാണ്. എക്സൈസിനെ വെട്ടിച്ച് രക്ഷപ്പെട്ട സെന്റ് ആൻഡ്രൂസ് സ്വദേശി ലിബിൻരാജിനു വേണ്ടി തെരച്ചിൽ തുടരുന്നു.