തിരുവനന്തപുരം: സ്വർണക്കടത്തും അനുബന്ധ കേസുകളുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങളിൽ സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും പൂർണ പിന്തുണ പ്രഖ്യാപിച്ച് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം. സർക്കാരിനെതിരെ പ്രതിപക്ഷം നടത്തുന്ന സമരങ്ങൾ ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് യോഗത്തിന് ശേഷം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
യു.ഡി.എഫ്- ബി.ജെ.പി നേതൃത്വത്തിൽ നിയന്ത്രണങ്ങളെല്ലാം ലംഘിച്ചുള്ള അക്രമസമരങ്ങൾ അംഗീകരിക്കാനാവില്ല. സ്വർണക്കടത്തിന്റെ പേരിൽ ഒന്നും ഒളിക്കാനില്ലെന്നും ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും തുടക്കത്തിലേ സർക്കാർ നിലപാടെടുത്തതാണ്. എൻ.ഐ.എ രണ്ട് മാസമായി അന്വേഷിക്കുന്ന സ്വർണക്കടത്ത് കേസിന്റെ ഉറവിടവും ഉൾപ്പെട്ടിരിക്കുന്നവരെയും അറിയേണ്ടതും ശക്തമായ നടപടികളെടുക്കേണ്ടതും അത്യന്താപേക്ഷിതമാണ്. എന്നാൽ, പ്രതിപക്ഷത്തിന് ആവശ്യം മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാണ്. ജനക്ഷേമ നടപടികളിലൂടെ ഇന്ത്യയ്ക്കാകെ മാതൃകയായ സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കം ജനം തള്ളിക്കളയും. രാജ്യമാകെ സാധാരണക്കാരന്റെ ജീവിതം ദുരിതപൂർണമാകുമ്പോൾ, അവർക്ക് സംരക്ഷണമൊരുക്കുക വഴി ജനമനസുകളിലിടംനേടിയ സർക്കാരിനോട് പ്രതിപക്ഷത്തിന് അസൂയയും ദേഷ്യവുമുണ്ടാകാം. പക്ഷേ, ജനങ്ങളെ ഇരകളാക്കുന്ന അക്രമങ്ങളെ ശക്തമായി നേരിടും.
എൽ.ഡി.എഫിനെ അടിക്കാനുള്ള വടിയല്ല
എൽ.ഡി.എഫ് സർക്കാരിനെ സംരക്ഷിക്കുകയെന്ന രാഷ്ട്രീയചുമതലയാണ് സി.പി.ഐയുടേതെന്നും, എൽ.ഡി.എഫിനെ അടിക്കാനുള്ള വടിയല്ലെന്നും കാനം പറഞ്ഞു. ഇടതുപക്ഷ നയസമീപനങ്ങളിൽ വ്യതിയാനമുണ്ടാകുമ്പോൾ പരസ്യമായി പറഞ്ഞിട്ടുണ്ട്. അത് ഇടതുപക്ഷ നിലപാടുകളെ ചേർത്തുനിറുത്താനുള്ള ശ്രമമായി കാണണം. കേരളത്തിലെ പൊതുവിഷയങ്ങളിലെ അഭിപ്രായപ്രകടനങ്ങളല്ലാതെ, സർക്കാരിനെതിരെ ഒരു വിമർശനവും പാർട്ടി എക്സിക്യൂട്ടീവിലുണ്ടായിട്ടില്ല. അറുപത് ദിവസമായിട്ടും നയതന്ത്ര ബാഗേജ് വഴി സ്വർണമെത്തിച്ചയാളെ കണ്ടെത്തിയിട്ടില്ല. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് സർക്കാരിനെ സംശയനിഴലിൽ നിറുത്താനാണ് ബി.ജെ.പി ശ്രമമെന്നും കാനം ആരോപിച്ചു.
ജോസ് കെ.മാണി ആദ്യം നിലപാട് പറയട്ടെ
ഇടതുമുന്നണി പ്രവേശന കാര്യത്തിൽ കേരള കോൺഗ്രസ്- ജോസ് കെ.മാണി വിഭാഗം രാഷ്ട്രീയനിലപാട് വ്യക്തമാക്കിയാലേ, സി.പി.ഐ നിലപാടിന് പ്രസക്തിയുള്ളൂവെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കി.
അന്യന്റെ പറമ്പിലെ പുല്ല് കണ്ടിട്ട് ഇവിടെ പശുവിനെ വാങ്ങാനാകുമോയെന്ന് ചോദിച്ച കാനം, ജോസ് വിഭാഗത്തെ സഹകരിപ്പിക്കുന്നതിൽ മുമ്പത്തെ കടുംപിടിത്തം സി.പി.ഐക്കില്ലെന്ന സൂചനയാണ് നൽകിയത്.
എൽ.ഡി.എഫ് വെന്റിലേറ്ററിലാകാൻ താല്പര്യമില്ല.യു.പി.എയുടെ ഭാഗമായ അവർ ആ സഖ്യം വിടുന്നുവെന്ന് പറയട്ടെ. ജോസ് കെ.മാണിയുടെ കക്ഷിക്ക് എന്തുമാത്രം സ്വാധീനമുണ്ടെന്ന് മദ്ധ്യതിരുവിതാംകൂർ രാഷ്ട്രീയം നല്ലതുപോലെ അറിയുന്ന തനിക്കറിയാം. അവർ ശക്തിയുള്ള പാർട്ടിയാണെന്ന വിശ്വാസമില്ല. മുന്നണിയിലെ രണ്ടാം സ്ഥാനം നഷ്ടമാകുമെന്ന ഭയവുമില്ല. രണ്ട് എം.എൽ.എമാരുള്ള പാർട്ടിയാണോ 19 എം.എൽ.എമാരുള്ള പാർട്ടിയാണോ വലുത്? ബാർ കോഴക്കേസിൽ കെ.എം. മാണി നിരപരാധിയാണെന്ന് വിശ്വസിക്കുന്നില്ല. അത് കുറച്ചുകൂടി അവസാനിക്കാനുണ്ട്. .
ജലീൽ ഒളിച്ചു പോയത് ശരിയല്ല
ദേശീയ അന്വേഷണ ഏജൻസികളുടെ ചോദ്യം ചെയ്യലിന് മന്ത്രി കെ.ടി. ജലീൽ ഒളിച്ചുപോകേണ്ടിയിരുന്നില്ലെന്ന് കാനം പറഞ്ഞു. ഒരു മന്ത്രിയെ വിവരമറിയാൻ വിളിപ്പിച്ചാൽ സ്റ്റേറ്റ് കാറിൽത്തന്നെ പോയി കാര്യങ്ങൾ പറഞ്ഞ് തിരിച്ചുവരണം. അദ്ദേഹം മാദ്ധ്യമങ്ങളോട് കള്ളം പറഞ്ഞല്ലോയെന്ന് ചോദിച്ചപ്പോൾ, കള്ളമെന്നത് ആപേക്ഷികമാണെന്നായിരുന്നു മറുപടി. ഒരാൾക്ക് കള്ളമെന്ന് തോന്നുന്നത് മറ്റൊരാൾക്ക് സത്യമായിരിക്കും. ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യുന്നതിൽ അപാകതയില്ലെന്നും, അദ്ദേഹത്തെ സർക്കാർ നടപടിയെടുത്ത് ഒഴിവാക്കിയതാണെന്നും കാനം വ്യക്തമാക്കി.
വിവാദങ്ങൾ കനക്കുമ്പോൾ സി.പി.എം നേതൃ യോഗങ്ങൾ ഇന്നും നാളെയും
തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിനെതിരായ പ്രതിപക്ഷ പ്രതിഷേധങ്ങളും ലൈഫ് മിഷൻ കരാറിനെ ചൊല്ലിയുള്ള ഭരണ - പ്രതിപക്ഷ വാക്പോരുമടക്കമുള്ള വിവാദങ്ങൾക്കിടെ സി.പി.എമ്മിന്റെ നേതൃയോഗങ്ങൾ ഇന്നും നാളെയും എ.കെ.ജി സെന്ററിൽ ചേരുന്നു. ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റും നാളെ സംസ്ഥാന സമിതിയുമാണ് ചേരുക.
വടക്കാഞ്ചേരിയിലെ ലൈഫ് ഭവന പദ്ധതിയിലെ ആരോപണങ്ങളിൽ സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ, അതേച്ചൊല്ലിയും വാക്പോര് മുറുകുകയാണ്. കഴിഞ്ഞ മാസം 21ന് ചേർന്ന സെക്രട്ടേറിയറ്റ് യോഗം വിജിലൻസ് അന്വേഷണ സാദ്ധ്യത നിർദ്ദേശിച്ചിരുന്നു. സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. ഒരു മാസത്തിന് ശേഷമാണ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്.
എന്നാൽ, സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട പ്രതിപക്ഷവും ബി.ജെ.പി നേതൃത്വവും സി. ബി. ഐയെ ഒഴിവാക്കാനാണ് വിജിലൻസ് അന്വേഷണം എന്നാണ് ആക്ഷേപിക്കുന്നത്. പദ്ധതിയുടെ ധാരണാപത്രം തനിക്ക് നിഷേധിച്ചെന്നാരോപിച്ച് പ്രതിപക്ഷനേതാവ് ലൈഫ് മിഷൻ ടാസ്ക് ഫോഴ്സിൽ നിന്ന് രാജിവച്ചതും പ്രതിപക്ഷത്തിന്റെ രാഷ്ട്രീയനീക്കമാണ്. സ്പ്രിൻക്ലർ ഡേറ്റാ ശേഖരണക്കരാർ സർക്കാർ പുതുക്കാതിരുന്നതും സമര വിജയമായാണ് പ്രതിപക്ഷം അവകാശപ്പെടുന്നത്. കരാറിൽ നിന്ന് പിൻവാങ്ങേണ്ടി വന്നത് സർക്കാരിന് തിരിച്ചടിയാണ്.
മന്ത്രി കെ.ടി. ജലീലിനെ എൻഫോഴ്സ്മെന്റിന് പിന്നാലെ എൻ.ഐ.എയും ചോദ്യം ചെയ്ത പശ്ചാത്തലത്തിലാണ് പ്രതിപക്ഷം ആക്രമണം ശക്തമാക്കിയത്. ജലീലിനെ സംരക്ഷിക്കാനാണ് സർക്കാരിന്റെയും സി.പി.എമ്മിന്റെയും തീരുമാനം. അതിന് ഇടതുമുന്നണിയുടെ പിന്തുണയും ഉറപ്പാക്കിയിട്ടുണ്ട്. നാലര വർഷത്തെ സർക്കാരിന്റെ വികസനനേട്ടങ്ങളാകെ ഇല്ലാതാക്കാനാണ് പ്രതിപക്ഷ ശ്രമം എന്നാണ് ഇടതുനിലപാട്. പ്രതിപക്ഷനീക്കങ്ങൾക്കെതിരെ 29ന് ഇടതുമുന്നണിയുടെ കൂട്ടായ്മയും സംഘടിപ്പിച്ചിട്ടുണ്ട്.
അതിനിടെ, മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി എം. ശിവശങ്കറിനെ ഇന്നലെ എൻ.ഐ.എ വീണ്ടും ചോദ്യം ചെയ്തതും സർക്കാരിനെ അലോസരപ്പെടുത്തുന്നുണ്ട്. സംസ്ഥാന സമിതി യോഗത്തിൽ ഇതെല്ലാം ചർച്ചയായേക്കും. ജോസ് കെ.മാണിയുടെ ഇടതുപ്രവേശനത്തിന് സി.പി.എം അനുകൂലമാണെങ്കിലും സംസ്ഥാന സമിതിയും ഇക്കാര്യം ചർച്ച ചെയ്തേക്കും. തദ്ദേശതിരഞ്ഞെടുപ്പും ചർച്ചയാവും.
അന്വേഷണ ഏജൻസികൾ തെളിവ് തരട്ടെ, ഇടപെടാം: സി.പി.ഐ.
മന്ത്രി കെ.ടി. ജലീലിനെതിരെ അടക്കം ഉയർത്തുന്ന ആരോപണങ്ങളിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ കൃത്യമായ തെളിവ് നൽകിയാൽ മാത്രം ,സി.പി.ഐ നടപടി ആവശ്യപ്പെടും. വെറും ആരോപണങ്ങളിൽ കയറിപ്പിടിച്ച് വിമർശനമുന്നയിക്കുന്നത്പാർട്ടിക്കും മുന്നണിക്കും ദോഷം ചെയ്യുമെന്ന് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലെ ചർച്ചയ്ക്ക് മറുപടിയായി സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കി.
ഇടതുപക്ഷത്ത് ഭിന്നതയുണ്ടെന്ന് വരുത്താൻ കേരളത്തിലും പുറത്തും ശ്രമങ്ങളുണ്ട്. അതിൽ തലവച്ച് ഇടതുപക്ഷത്തെ ദുർബലപ്പെടുത്തുന്ന സമീപനം സ്വീകരിക്കേണ്ടതില്ല. മന്ത്രി ഇ.പി. ജയരാജന്റെയും മറ്റും മക്കൾക്കെതിരെ ഉയർന്നുവന്ന ആരോപണങ്ങൾ സർക്കാർ ചെയ്ത നല്ല കാര്യങ്ങളെ പ്രതികൂലമായി ബാധിച്ചുവെന്ന് യോഗത്തിൽ വിമർശനമുയർന്നു. ഇരുത്തം വന്ന രാഷ്ട്രീയനേതാവിന്റെ സമീപനമല്ല മന്ത്രി ജലീൽ നിന്നുണ്ടായതെന്നും ചിലർ അഭിപ്രായപ്പെട്ടു. നേതാക്കളുടെ മക്കൾക്കെതിരെയുള്ളത്ആരോപണങ്ങൾ മാത്രമാണെന്നും അവരാരും അഴിമതിയോ അധികാരദുർവിനിയോഗമോ നടത്തിയതിന് തെളിവില്ലെന്നും കാനം ചൂണ്ടിക്കാട്ടി.
സുപാലിനും രാജേന്ദ്രനും എതിരെ നടപടി
സി.പി.ഐ കൊല്ലം ജില്ലാ കൗൺസിലിലെ തർക്കവുമായി ബന്ധപ്പെട്ട് സംസ്ഥാന കൗൺസിൽ അംഗങ്ങളായ പി.എസ്. സുപാലിനും ആർ. രാജേന്ദ്രനുമെതിരെ സംഘടനാതല നടപടിക്ക് സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ ധാരണ.
മുമ്പ് നടന്ന ജില്ലാ കൗൺസിൽ യോഗത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കം കൈയാങ്കളിയുടെ വക്കോളമെത്തുകയും ബഹളം യോഗഹാളിന് പുറത്തെത്തുകയും ചെയ്തത് പാർട്ടി അച്ചടക്കത്തിന് ചേർന്നതായില്ല.. അന്ന് യോഗം ബഹളത്തെ തുടർന്ന് പിരിച്ചുവിടുകയായിരുന്നു. ഇരുവരും സംസ്ഥാന നേതൃത്വത്തിന് നൽകിയ വിശദീകരണം പരിശോധിച്ചാണ് നടപടി ശുപാർശ. ഒക്ടോബർ 7,8 തീയതികളിലെ സംസ്ഥാന കൗൺസിൽ നടപടി തീരുമാനിക്കും.
ദേശീയ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എൻ. അനിരുദ്ധന് പകരം , ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നതിലും തർക്കം തുടരുകയാണ്. ആദ്യം,മുല്ലക്കര രത്നാകരനും, അദ്ദേഹം അസുഖത്തെ തുടർന്ന് അവധിയിൽ പോയപ്പോൾ കെ.ആർ. ചന്ദ്രമോഹനും താത്കാലിക ചുമതല കൈമാറി. ജില്ലാ കൗൺസിൽ ചേർന്ന് ഭൂരിപക്ഷ തീരുമാനപ്രകാരം പുതിയ സെക്രട്ടറിയെ തിരഞ്ഞെടുക്കാനാണ് ധാരണ. ജില്ലയിലെ തർക്കങ്ങൾ തീർക്കുന്നതിൽ സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന വിമർശനവുമുയർന്നു.