തൃപ്പൂണിത്തുറ: ജീവിതം ദുരിതപൂർണമാണെങ്കിലും ആക്രിസാധനങ്ങൾക്ക് ഇടയിൽ നിന്ന് ലഭിച്ച പൊതിയിലെ അഞ്ചുപവനോളം വരുന്ന സ്വർണാഭരണങ്ങൾ വീട്ടുകാർക്ക് തിരികെ നൽകി മാതൃകയാവുകയാണ് ആക്രിക്കച്ചവടക്കാരനായ സെൽവൻ. ഇരുമ്പനം കരിങ്ങാച്ചിറ കൈപ്പഞ്ചേരി ശ്രീനിലയത്തിൽ രാധാകൃഷ്ണൻ - ഗീത ദമ്പതികൾക്കാണ് സെൽവന്റെ നന്മമനസുകാരണം സ്വർണാഭരണങ്ങൾ തിരികെ ലഭിച്ചത്.
വീട് വൃത്തിയാക്കുന്നതിന്റെ ഭാഗമായി ഇവർ വീട്ടിലുണ്ടായിരുന്ന പഴയ സാധനങ്ങൾ ഇവിടെ എത്തിയ ശെൽവന് മൂന്നുദിവസം മുമ്പ് നൽകിയിരുന്നു. ഇന്നലെ ഈ സാധനങ്ങൾ മൊത്തവ്യാപാര കേന്ദ്രത്തിൽ നൽകുന്നതിന് കരിങ്ങാച്ചിറയിലെ കടയിൽവച്ച് തരം തിരിക്കുന്നതിനിടയിലാണ് ആഭരണങ്ങളടങ്ങിയ പൊതി സെൽവന്റെ ശ്രദ്ധയിൽപ്പെട്ടത്. അത് രാധാകൃഷ്ണന്റെ വീട്ടിൽനിന്നെടുത്ത സാധനങ്ങളാണെന്ന് മനസിലാക്കിയ ശെൽവൻ ഉടനെ അവിടെയെത്തി സ്വർണാഭരണങ്ങൾ കൈമാറുകയായിരുന്നു. ശെൽവൻ ആഭരണങ്ങൾ കൈമാറിയപ്പോഴാണ് വീട്ടുകാർ ആഭരണം നഷ്ടമായ വിവരംപോലും അറിയുന്നത്.
കരിങ്ങാച്ചിറ മനയ്ക്കപ്പടിയിൽ കുടുംബസമേതം വർഷങ്ങളായി വാടകവീട്ടിൽ താമസിക്കുകയാണ് ശെൽവൻ. ഈ ഭാഗങ്ങളിൽ സ്ഥിരമായെത്തി ആക്രി സാധനങ്ങൾ ശേഖരിച്ചാണ് ജീവിക്കുന്നത്. ശെൽവന്റെ സത്യസന്ധതയിൽ സന്തുഷ്ടരായ വീട്ടുകാർ ഉപഹാരവും നൽകിയാണ് തിരികെഅയച്ചത്.