ന്യൂഡൽഹി: ഡൽഹി കലാപ കേസ് കുറ്റപത്രത്തിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻകേന്ദ്രമന്ത്രിയുമായ സൽമാൻ ഖുർഷിദ്, സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദകാരാട്ട്, അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ തുടങ്ങിയവരെയും ഉൾപ്പെടുത്തി.
പൗരത്വ ഭേദഗതി നിയമ വിരുദ്ധ പ്രതിഷേധത്തിനിടെ ഇവർ പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന് രഹസ്യ സാക്ഷി മൊഴി നൽകിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. സി.ആർ.പി.സി 164 പ്രകാരം മജിസ്ട്രേറ്റിന് മുമ്പാകെയാണ് ഈ മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്.
കോൺഗ്രസ് നേതാവും മുൻ എം.പിയുമായ ഉദിത് രാജ്, സി.പി.ഐ (എം.എൽ) പൊളിറ്റ് ബ്യൂറോ അംഗം കവിതാ കൃഷ്ണൻ, ശാസ്ത്രജ്ഞൻ ഗൗഹർ റസ, ഉമർ ഖാലിദ് തുടങ്ങിയവരുടെയും പേര് കുറ്റപത്രത്തിലുണ്ട്.
ഡൽഹിയിലെ ഖുറേജിയിൽ നടന്ന പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ പലഘട്ടങ്ങളിലായി ഇവർ പ്രകോപന പരമായ പ്രസംഗം നടത്തിയെന്നാണ് പൊലീസ് പറയുന്നത്. കേസിലെ പ്രതികളായ ഖാലിദ് സയ്ഫി, ഇഷ്റത്ത് ജഹാൻ എന്നിവരുടെ മൊഴിയിലും സൽമാൻ ഖുർഷിദിനെ പരാമർശിക്കുന്നുണ്ട്.
അതേസമയം സൽമാൻ ഖുർഷിദ് ഉൾപ്പെടെയുള്ളവർ കുറ്റപത്രത്തിലെ ആരോപണത്തെ തള്ളിക്കളഞ്ഞു.
17,000 പേജുള്ള കുറ്റപത്രം സെപ്തംബർ 17നാണ് ഡൽഹി പൊലീസ് സമർപ്പിച്ചത്.
കുറ്റപത്രത്തിൽ സി.പി.എം ജനറൽസെക്രട്ടറി സീതാറാം യെച്ചൂരി, ആക്ടിവിസ്റ്റ് യോഗേന്ദ്രയാദവ് തുടങ്ങിയവരുടെ പേര് പരാമർശിച്ചത് നേരത്തെ വിവാദമായിരുന്നു.
ആനിരാജയ്ക്കും പങ്കുണ്ടെന്ന്
കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ ദേശീയ മഹിളാ ഫെഡറേഷൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി ആനി രാജ, സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ്, സന്നദ്ധപ്രവർത്തകരായ ഹർഷ് മന്ദർ, അഞ്ജലി ഭരദ്വാജ്, സിനിമാസംവിധായകൻ രാഹുൽ റോയ് എന്നിവർക്ക് പങ്കുണ്ടെന്നും പൊലീസ് ആരോപിച്ചിട്ടുണ്ട്.
ഇത് ചീറ്റ്ഷീറ്റ്
ഇത് ചാർജ് ഷീറ്റ് അല്ല, ചീറ്റ് ഷീറ്റാണ്
-വൃന്ദകാരാട്ട്
സർക്കാരിനെതിരെ ഞാൻ ശക്തമായി സംസാരിച്ചിട്ടുണ്ടെന്നും അതിൽ സർക്കാർ പ്രകോപിതരായിട്ടുണ്ടെങ്കിൽ എനിക്കൊന്നും ചെയ്യാനാവില്ല.
- പ്രശാന്ത് ഭൂഷൺ