തിരുവനന്തപുരം : കരാർ പ്രകാരം ഫ്ളാറ്റ് നൽകാത്തതിന് കെട്ടിട നിർമ്മാതാവ് ഫ്ളാറ്റിന്റെ വിലയും നഷ്ടപരിഹാരവുമടക്കം 53.5 ലക്ഷം രൂപയും പലിശയും നൽകാൻ സംസ്ഥാന ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ വിധിച്ചു. കണ്ണൂർ സ്വദേശികളും സിംഗപ്പൂരിൽ സ്ഥിരതാമസക്കാരുമായ ദമ്പതികളുടെ പരാതിയിലാണ് കൊച്ചിയിലെ സി ഗ്രൂൺ പെരിയാർ തീരം എന്ന ബിൽഡർക്കെതിരെയുള്ള ഉത്തരവ്.
2011 ൽ ദമ്പതികൾ ഫ്ളാറ്റ് വാങ്ങാൻ കമ്പനിയുമായി 45 ലക്ഷം രൂപയ്ക്ക് കരാർ ഒപ്പിട്ടു.ആറ് മാസങ്ങൾക്കുള്ളിൽ 1710 ചതുരശ്ര അടി ഫ്ളാറ്റ് നൽകാമെന്ന ഉറപ്പിൽ 43 ലക്ഷം രൂപ ബിൽഡർ കൈപ്പറ്റി. ഇതിനിടെ ദമ്പതികൾ അറിയാതെ പ്രോജക്ടിന്റെ പേര് മാറ്റുകയും ഫ്ളാറ്റ് വിസ്തീർണ്ണം 1130 ചതുരശ്ര അടി ആയി കുറയ്ക്കുകയും ചെയ്തു.
ബിൽഡറുടെ നടപടികൾ 1986 ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ ലംഘനവും കുറ്റകരവുമാണെന്ന് കമ്മിഷൻ വിലയിരുത്തി. ദമ്പതികളിൽ നിന്ന് വാങ്ങിയ 43 ലക്ഷം രൂപ പലിശയടക്കം തിരികെ നൽകാനും 10 ലക്ഷം രൂപ നഷ്ടപരിഹാരവും 50,000 രൂപ കോടതി ചെലവും നൽകാനുമാണ് ജസ്റ്റിസ് സുരേന്ദ്രമോഹൻ ,മെമ്പർ ബീനകുമാരി എന്നിവരുടെ ബഞ്ച് വിധിച്ചത്.